Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവിനൊപ്പം സാദിഖലി തങ്ങളും, കെ.സി.ബി.സി ചടങ്ങിന്റെ വാസ്തവമെന്ത്

കൊച്ചി- എറണാകുളത്ത് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ(കെ.സി.ബി.സി) സംഘടിപ്പിച്ച സർവ്വമത കൂട്ടായ്മയിൽ പങ്കെടുത്തതിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് നേരെ രൂക്ഷമായ സൈബറാക്രമണമാണ് ചില കേന്ദ്രങ്ങളിൽനിന്നുയരുന്നത്. മുൻ മന്ത്രി കെ.ടി ജലീൽ അടക്കമുള്ളവർ നേരത്തെ ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ജലീലിന് മറുപടിയുമായി കെ.സി.ബി.സിയും രംഗത്തെത്തി. എല്ലാ രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ളവരും പങ്കെടുത്ത ചടങ്ങിൽനിന്ന് സാദിഖലി തങ്ങളുടെയും സുധാകരന്റെയും ചിത്രം മാത്രം വെട്ടിയെടുത്താണ് പ്രചാരണം നടത്തുന്നത് എന്നാണ് ശ്രദ്ധേയം.  

സീറോ മലബാർ കത്തോലിക്ക സഭ, ലത്തീൻ കത്തോലിക്കാ സഭ,മലങ്കര കത്തോലിക്കാ സഭ എന്നീ മൂന്ന് കത്തോലിക്ക സഭകളുടെ ബിഷപ്പുമാരുടെ സംയുക്ത കൂട്ടായ്മയായ കെ.സി.ബി.സി കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ 70 ശതമാനം വരുന്ന കത്തോലിക്ക സഭയുടെ ഏറ്റവും ഉയർന്ന പുരോഹിത നേതൃത്വമാണ്. കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് തിരുമേനി പ്രസിഡന്റായ കെ.സി.ബി.സിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.എം നേതാവ് സി.എൻ മോഹനൻ, സി.പി.ഐ നേതാവ് പി. രാജു, കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴക്കൻ, ടി.ജെ വിനോദ്,
ഡിസിസി പ്രസിഡന്റ് ഷിയാസ്, അൻവർ സാദത്ത് എംഎൽഎ, ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ, ശ്രീ ശങ്കരാചര്യ സ്വാമികൾ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരായ ജസ്റ്റിസ് ആൻറണി ഡൊമിനിക്ക്, ജസ്റ്റിസ് സി കെ അബ്ദുൽ റഹീം,
ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ക്ലിമീസ് തിരുമേനി ക്രിസ്മസ് കേക്ക് മുറിച്ച് പാണക്കാട് സാദിഖലി തങ്ങൾക്കു നൽകിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ക്ലിമീസ് തിരുമേനിയും, സാദിഖലി തങ്ങളും, ശ്രീ ശങ്കരാചാര്യ മഠം സ്വാമിയും ക്രിസ്മസ് സന്ദേശം നൽകി. ഇന്നത്തെ രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ മത വിശ്വാസികൾ തമ്മിൽ വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകാൻ പാടില്ലെന്ന് സന്ദേശമാണ് നൽകിയത്. 

ഈ ചടങ്ങിലെ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചാണ് പ്രമുഖർ ഉൾപ്പെടെയുള്ളവർ വിദ്വേഷ പ്രചാരണം നടത്തുന്നത്. അതിശക്തമായ ഭാഷയിലാണ് കെ.സി.ബി.സി ഇതിനെതിരെ രംഗത്തെത്തിയത്. 
ക്രിസ്തുമസിനോടനുബന്ധിച്ച് കെ.സി.ബി.സിയുടെ ആസ്ഥാന കാര്യാലയത്തിൽ നടത്തിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്ത സാദിഖലി തങ്ങളെ മോശമായി ചിത്രീകരിച്ച് മുൻ മന്ത്രി ജലീൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപമാനകരമാണെന്ന് കെ.സി.ബി.സി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കത്തോലിക്ക സഭയുടെ ചടങ്ങുകളിൽ ആരെ വിളിക്കണമെന്ന് തീരുമാനിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണെന്നും പുറത്തുനിന്നുള്ളവർ ഉപദേശം നൽകേണ്ടതില്ലെന്നും കെ.സി.ബി.സി വ്യക്തമാക്കി. ജലീലിന്റെ പ്രവൃത്തി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കത്തോലിക്ക സഭയുടെ സ്വീകാര്യത ജലീലിനെ പോലെയുള്ളവർക്ക് അസഹിഷ്ണുതക്ക് കാരണമാകുന്നുണ്ടെങ്കിൽ അത്തരക്കാരെ നിയന്ത്രിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു. 
അതേസമയം, കെ.സി.ബി.സിക്ക് എതിരെ ജലീൽ വീണ്ടും രംഗത്തെത്തി. മതേതര മനസ്സുള്ള സാത്വികൻമാരായ സന്യാസിവര്യന്മാരും വർഗീയത തൊട്ടുതീണ്ടാത്ത കറകളഞ്ഞ ഹൈന്ദവ വിശ്വാസികളും വിവിധ മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന സഹോദര മതസ്ഥരെ സ്‌നേഹിക്കുന്ന കോടിക്കണക്കണക്കിന് വരുന്ന ഹൈന്ദവ ഭക്തരുമാണ് ഹിന്ദുമത വിശ്വാസത്തിന്റെ യഥാർത്ഥ നേരവകാശികൾ. അവരുമായാണ് സഹോദര മതസ്ഥർ ആത്മബന്ധം ഉണ്ടാക്കേണ്ടത്. അല്ലാതെ ഹിന്ദുത്വ മതഭ്രാന്തൻമാർക്ക് പൊതുസ്വീകാര്യത  നേടിക്കൊടുത്തുകൊണ്ടാവരുത് സൗഹൃദസ്ഥാപനമെന്ന് ജലീൽ വ്യക്തമാക്കി. ഹൈന്ദവരെ ബി.ജെ.പിക്ക് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാട് ഇനിയെങ്കിലും കെ.സി.ബി.സിയും ലീഗും നിർത്തണം. സംഘികൾ കുനിയാൻ പറയുമ്പോൾ നിലത്തിഴയുന്നവരായി ന്യൂനപക്ഷ സമുദായ നേതൃത്വങ്ങൾ മാറിയാൽ ഗുജറാത്തും ദൽഹിയും യു.പിയും മണിപ്പൂരും ബാബരി മസ്ജിദും ഇനിയും ആവർത്തിക്കപ്പെടുമെന്നും ജലീൽ മുന്നറിയിപ്പ് നൽകി. 

Latest News