മക്ക- ദൈവ പ്രീതി മാത്രം കാംക്ഷിച്ച് മകന്റെ ഘാതകന് മാപ്പ് നൽകിയതിന്റെ നിർവൃതിയിലാണ് അമേരിക്കൻ പൗരൻ അബ്ദുൽ മുൻഇം ഇത്തവണ തീർഥാടന കർമം നിർവഹിക്കുന്നതിന് പുണ്യഭൂമിയിൽ എത്തിയിരിക്കുന്നത്. മൂന്നു മക്കൾക്കൊപ്പം അമേരിക്കയിലെ കെന്റുക്കിയിൽ നിന്ന് ആണ് 60 കാരനായ അധ്യാപകൻ ഹജിനെത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് അബ്ദുൽ മുൻഇം തീർഥാടന കർമം നിർവഹിക്കുന്നത്. ദൈവിക പ്രീതി മാത്രം കാംക്ഷിച്ചാണ് മകന്റെ ഘാതകന് മാപ്പ് നൽകിയതെന്ന് അമേരിക്കയിലെ ഇസ്‌ലാമിക് സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന അബ്ദുൽമുൻഇം പറഞ്ഞു. ബുദ്ധ മതത്തിന് വലിയ വേരോട്ടമുള്ള തായ്‌ലന്റിൽ മുസ്‌ലിം മാതാപിതാക്കൾക്കാണ് അബ്ദുൽ മുൻഇം പിറന്നത്. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് അമേരിക്കയിലെത്തിയ അബ്ദുൽ മുൻഇം മത തത്വശാസ്ത്ര വിദ്യാർഥിനിയായ സഹപാഠിയെ വിവാഹം ചെയ്യുകയായിരുന്നു. ഭാര്യ ക്രിസ്തുമത വിശ്വാസിയായിരുന്നു. അക്കാലത്ത് ആ കോളേജിൽ പഠിക്കുന്ന ഏക മുസ്‌ലിം വിദ്യാർഥിയായിരുന്നു താനെന്ന് അബ്ദുൽ മുൻഇം പറഞ്ഞു. തന്റെ കൈകളാൽ ഭാര്യ പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചു.
വർഷങ്ങളായി അമേരിക്കയിൽ ഇസ്‌ലാമിക് സ്‌കൂൾ ഡയറക്ടറായാണ് താൻ ജോലി ചെയ്യുന്നത്. വിദ്യാർഥികളുടെ മനസ്സുകളിൽ കാരുണ്യം നട്ടുപിടിപ്പിക്കുന്നതിന് എല്ലാ ക്ലാസുകളിലും താൻ ശ്രമിച്ചിരുന്നു. എന്നാൽ തന്റെ മകൻ കൊല്ലപ്പെട്ടതോടെ താൻ പഠിപ്പിച്ചിരുന്ന മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുള്ള പരീക്ഷണ സമയം ആഗതമായതായി തനിക്ക് ബോധ്യപ്പെട്ടു. 2015 ലാണ് 22 കാരനായ മകൻ കൊല്ലപ്പെട്ടത്. റെസ്റ്റോറന്റ് ജീവനക്കാരനായ മകൻ പിസ്സ ഡെലിവറിക്ക് പോകുന്നതിനിടെ കവർച്ച സംഘം കുത്തിക്കൊല്ലുകയായിരുന്നു. കെന്റുക്കിയിലെ ഗ്രാമപ്രദേശത്തെ കെട്ടിടത്തിലാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കൂട്ടത്തിൽ ഒരാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി വ്യക്തമായി.
അവിശ്വാസികൾക്ക് പ്രവാചകൻ മാപ്പ് നൽകിയ മാതൃക പിന്തുടർന്നും ഇസ്‌ലാമിന്റെ മഹോന്നത മൂല്യങ്ങൾ പാലിച്ചും ഈ പ്രതിക്ക് താൻ മാപ്പ് നൽകുകയായിരുന്നു. മാപ്പ് നൽകുന്ന സംസ്‌കാരം അമേരിക്കൻ സമൂഹത്തിലില്ല. ഇത് മുസ്‌ലിംകളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. പ്രതിക്ക് മാപ്പ് നൽകുന്ന നിയമം അമേരിക്കയിലില്ല എന്ന് പറഞ്ഞ് പ്രതിക്ക് മാപ്പ് നൽകുന്നതിന് കോടതി വിസമ്മതിച്ചു. എന്നാൽ അഭിഭാഷകൻ ശക്തമായ വാദങ്ങൾ ഉന്നയിച്ചതിലൂടെ പ്രതിയുടെ ശിക്ഷ കോടതി 31 വർഷത്തെ തടവായി ലഘൂകരിച്ച് നൽകി.
ദൈവം എല്ലാം പൊറുക്കുന്നവനും മാപ്പ് നൽകുന്നവനുമാണെന്ന് കോടതിയിൽ വെച്ച് പ്രതിയുടെ ചെവിയിൽ താൻ മന്ത്രിച്ചു. ജയിലിൽ വെച്ച് ദൈവത്തിലേക്ക് അടുക്കുന്നതിനും പ്രതിയെ താൻ ഉപദേശിച്ചു. പ്രതിയെ താൻ ആശ്ലേഷിക്കുകയും ചെയ്തിരുന്നു. താൻ പ്രതിയുടെ ചെവിയിൽ മന്ത്രിക്കുന്നതിന്റെയും ആശ്ലേഷിക്കുന്നതിന്റെയും വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരു ഹറമുകളിലും കണ്ട വികസനങ്ങൾ സൗദി അറേബ്യക്കും ലോക മുസ്‌ലിംകൾക്കും അഭിമാനിക്കാവുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു.