സാങ്കേതിക വിദ്യയില്‍ സ്‌നേഹം ചാലിച്ച കഥ
മുംബൈ- മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചയാളുടെ കുഞ്ഞ് പിറന്നു. മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍നിന്നാണ് സ്‌നേഹവും സാങ്കേതികവിദ്യയും ഉള്‍ചേര്‍ന്നുകൊണ്ടുള്ള ഈ വാര്‍ത്ത.
ഇവിടെ പ്രസവ വാര്‍ഡില്‍ സുപ്രിയ ജെയിന്‍ എന്ന പ്രൊഫഷണലിന്റെ കൈയിലേക്ക് സമ്മാനിച്ച കുഞ്ഞുമോന്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ച അവരുടെ ഭര്‍ത്താവിന്റെ ബീജത്തില്‍ ജനിച്ചതാണ്.
ബംഗളൂരു ആസ്ഥാനമായി ജോലി ചെയ്തിരുന്ന പ്രൊഫഷണലുകളായിരുന്ന സുപ്രിയ ജയിനും എസ്. ഗൗരവും 2015 ഓഗസ്റ്റിലാണ് വിവാഹിതരായത്.
ബംഗളൂരു ആസ്ഥാനമായി ജോലി ചെയ്തിരുന്ന പ്രൊഫഷണലുകളായിരുന്ന സുപ്രിയ ജയിനും എസ്. ഗൗരവും 2015 ഓഗസ്റ്റിലാണ് വിവാഹിതരായത്.
കുഞ്ഞുണ്ടാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഐവിഎഫ് സ്വീകരിക്കാന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചു. ഇതിന്റെ പ്രക്രിയ നടന്നുകൊണ്ടിരിക്കെ ഹുബ്ലിക്കു സമീപം ഗൗരവ് ഓടിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു കയറി ഗൗരവ് ഈ ലോകത്തോട് വിട പറഞ്ഞു.
മാസങ്ങള്‍ക്ക് ശേഷം ജയ്പൂര്‍ സ്വദേശിനിയായ സുപ്രിയ ജെയിന്‍ മുംബൈയിലെ ഡോ. ഫൈറുസ പരീഖിനെ സമീപിച്ച് ഉന്നയിച്ച ആവശ്യമാണ് മൂന്ന് വര്‍ഷത്തിനുശേഷം യാഥാര്‍ഥ്യമായത്. ബംഗളൂരുവിലെ ഐവിഎഫ് ക്ലിനിക്കില്‍ ഭര്‍ത്താവ് ഗൗരവ് നല്‍കിയ ബീജത്തില്‍നിന്ന് തനിക്ക് കുഞ്ഞിനെ വേണമെന്നായിരുന്നു സുപ്രിയയുടെ ആവശ്യം.
ബംഗളൂരുവില്‍നിന്ന് അവശേഷിച്ച പുരുഷബീജം ഇവിടെ എത്തിച്ചപ്പോള്‍ വിറച്ചുകൊണ്ടാണ് തുറന്നതെന്ന് ഡോ. ഫൈറൂസ പറയുന്നു. സുപ്രിയയില്‍ തന്നെ പലതവണ ഐവിഎഫ് പ്രക്രിയ നടത്തിയിട്ടും വിജയിച്ചില്ല. തുടര്‍ന്ന് മരിച്ചയാളുടെ ബീജം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന് മുമ്പ് സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഗര്‍ഭപാത്രം വാടകക്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എല്ലാ വര്‍ഷവും ഭര്‍ത്താവിന്റെ ചരമവാര്‍ഷിക വേളയില്‍ സുപ്രിയ ബംഗളൂരുവില്‍നിന്ന് വിട്ടുനില്‍ക്കാറുണ്ട്. ഇത്തവണ ബാലിയിലായിരിക്കുമ്പോഴാണ് അവര്‍ക്ക് മുംബൈയിലെ ആശുപത്രിയില്‍നിന്ന് ഫോണ്‍ കോള്‍ ലഭിച്ചത്. കിട്ടിയ ആദ്യത്തെ വിമാനത്തില്‍ അവര്‍ മുംബൈയിലേക്ക് പറന്നെത്തി.
ഭര്‍ത്താവ് ഗൗരവുമായി അവസാനമായി സംസാരിച്ച അതേ നിമഷത്തിലാണ് അദ്ദേഹത്തിന്റെ കുഞ്ഞ് തന്റെ കൈയിലെത്തിയതെന്ന് സുപ്രിയ പറഞ്ഞു. ഇവന്‍ പിതാവിനെ പോലെ തന്നെയുണ്ട്. എനിക്ക് കുഞ്ഞിനെയായിരുന്നില്ല വേണ്ടിയിരുന്നത്, ഗൗരവിന്റെ കുഞ്ഞിനെയാണ്. സ്വന്തമായി ഒരു കുഞ്ഞിനുശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാനാണ് ഞങ്ങള്‍ ആലോചിച്ചിരുന്നത്. ഗൗരവിന്റെ കുഞ്ഞ് പിറന്നതോടെ ഒരു കാര്യം ഉറപ്പായി. ഇനി ഞാനൊരിക്കലും ഗൗരവിന്റെ ചരമവാര്‍ഷികം വരുമ്പോള്‍ ഒളിച്ചോടില്ല- സുപ്രിയ പറഞ്ഞു.