- മുഖ്യമന്ത്രിയുടെ, മന്ത്രിമാരുടെ കാര്യങ്ങൾക്കൊന്നും മുട്ടില്ല. നിങ്ങൾക്ക് കോടിക്കണക്കിന് പണം ധൂർത്തടിക്കുന്നതിനും പ്രശ്നമില്ല. ഞങ്ങളുടെ പണത്തിന് മാത്രമേ പ്രശ്നമുള്ളൂവെന്നും പട്ടിണി കിടന്ന് മരിക്കേണ്ട സ്ഥിതിയാണെന്നും ആലപ്പുഴ ചേർത്തലയിലെ എം.വി മോഹനൻ...
ആലപ്പുഴ - പെൻഷൻ മുടങ്ങിയതിൽ കോടതി കയറിയ അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് പിന്നാലെ, ജീവിതം ദുസ്സഹമായ കൂടുതൽ ദുരിതബാധിതർ പ്രതികരണവുമായി രംഗത്ത്. 'ഭക്ഷണവും മരുന്നുമെല്ലാം മുടങ്ങി വല്ലാത്തൊരു അവസ്ഥയിലൂടെയാണ് പോകുന്നതെന്ന് ഇടതു കണ്ണിന് കാഴ്ചയില്ലാതെ, വലതു കാൽ ഒടിഞ്ഞ് ഹാർട്ട് തകരാറും ചെറിയ കേൾവിക്കുറവുമുള്ള ആലപ്പുഴ ചേർത്തലയിലെ എം.ജി
മോഹനൻ (62) മലയാളം ന്യൂസിനോട് പ്രതികരിച്ചു.
മറിയക്കുട്ടി ചേച്ചിയുടെ കൂടെ ഞങ്ങൾ ഒത്തിരി പേരുണ്ട്. പെൻഷൻ ഇല്ലാതെ ഓരോരുത്തരും പട്ടിണി കിടന്ന് മരിക്കേണ്ട സ്ഥിതിയാണ്. അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു.
മരുന്ന് മേടിക്കണം, സ്വന്തമായി താമസിക്കാൻ ഇടമില്ലാത്തതിനാൽ വീട്ടുവാടക കൊടുക്കണം, ഭക്ഷണത്തിനും വകയില്ല, ജോലിക്കു പോകാനും പറ്റാത്ത സ്ഥിതിയാണ്. ആദ്യ ഭാര്യ മരിച്ചതിനുശേഷം വീണ്ടും കല്യാണം കഴിച്ചുവെന്നും മകൾ ആശുപത്രിയിലാണെന്നും അതിനാൽ തനിച്ചാണ് വാടക വീട്ടിൽ കഴിയുന്നതെന്നും പെൻഷൻ 1600 രൂപ സമയത്ത് കിട്ടിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാണെന്നും മോഹനൻ വ്യക്തമാക്കി.
അതിനാൽ, ഞങ്ങളും മറിയക്കുട്ടിയോടൊപ്പം പെൻഷൻ പോരാട്ടത്തിന് തയ്യാറാണ്. ഇക്കാര്യവുമായി ആര് ബന്ധപ്പെട്ടാലും അവരോടൊപ്പം സഹകരിക്കും. ഏത് കോടതിയിലേക്ക് വേണേലും വരാം. വല്ലാത്തൊരു സങ്കടാവസ്ഥയിലൂടെയാണ് കാര്യങ്ങൾ പോകുന്നത്. ആകെ കിട്ടുന്നത് 1600 രൂപയാണ്. ഇതും തരാനാവുന്നില്ല. എന്നാൽ, ഇവരുടെ ധൂർത്തിനൊരു ഒരു കുറവുമില്ല. ഈ പട്ടിണിപ്പാവങ്ങൾക്കു മാത്രമാണ് സാമ്പത്തിക പ്രതിസന്ധി! നിങ്ങൾ മന്ത്രിമാരുടെ, മുഖ്യമന്ത്രിയുടെ കാര്യങ്ങൾക്കൊന്നും മുട്ടില്ല. നിങ്ങൾക്ക് കോടിക്കണക്കിന് പണം ധൂർത്തടിക്കുന്നതിന് പ്രശ്നമില്ല. ഞങ്ങളുടെ പണത്തിന് മാത്രമേ പ്രശ്നമുള്ളൂ. പെൻഷൻ കുടിശ്ശിക ഈ ക്രിസ്മസ് ആദ്യം തരാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവന്മാർ ഇരിക്കുന്നേ? ആലിബാവയും 21 കള്ളന്മാരുമാണ് കറങ്ങുന്നതെന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു.
ഞാൻ സുഖമില്ലാത്ത ഒരാളാണ്, നടക്കാൻ പോലും പറ്റാത്ത ഒരാളാണ.് ഞാൻ ആരെ വിളിച്ചാലും, ആരും നമുക്ക് പെൻഷൻ കിട്ടിയിട്ടില്ല, തന്നിട്ടില്ല എന്ന വേദനയാണ് പങ്കുവെക്കുന്നത്. അതുകൊണ്ട് ചേച്ചിയുടെ കൂടെ ഞാനുമുണ്ട്. എന്നെപ്പോലെ വേറെയും പലരുമുണ്ടാകും. എന്നെക്കൊണ്ട് ഒക്കുന്ന ആളുകളെയെല്ലാം കൂട്ടാം. കേൾവിക്കുറവും ഒരു കണ്ണുമില്ലെങ്കിലും എന്നാൽ സാധ്യമായ ഇടപെടലുകൾക്കെല്ലാം തയ്യാറാണ്. വീടിന് അപേക്ഷിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെയും കിട്ടിയില്ല. ഈ പാവങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കണം. ഞങ്ങളുടെ പണം തരണം, കിട്ടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.