ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബഹളമുണ്ടാക്കാന്‍ പ്രതിപക്ഷ എം. പിമാരെ പ്രേരിപ്പിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
പാര്‍ലമെന്റ് പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും സഭയ്ക്കുള്ളില്‍ പ്ലക്കാര്‍ഡുകളെടുക്കാന്‍ എം. പിമാരെ പ്രേരിപ്പിച്ചതും രാഹുല്‍ ഗാന്ധിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുമായി നടത്തിയ അഭിമുഖത്തിലാണ് പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തിയത്.
ലോക്സഭയിലെ സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് പ്രതിപക്ഷ എം. പിമാര്‍ നടത്തിയത്. ഇതിന് പിന്നാലെ ചരിത്രത്തിലാദ്യമായി 146 പ്രതിപക്ഷ എം. പിമാരെയാണ് ഇരുസഭകളില്‍ നി്ന്നായി സസ്‌പെന്റ് ചെയ്തത്.
ചര്‍ച്ചകളിലൊന്നിലും പങ്കെടുക്കേണ്ടതില്ലെന്ന് പ്രതിപക്ഷ എം. പിമാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു വഴിയും ഉണ്ടാകാതിരുന്നതെന്നും സ്പീക്കര്‍ പ്രതിപക്ഷ എം. പിമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അംഗങ്ങള്‍ക്കുമൊപ്പം വ്യക്തിപരമായി ചര്‍ച്ച നടത്തി ആരും പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരരുതെന്നും പരമാവധി തടസ്സങ്ങള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
ആദ്യം യോഗം സുഗമമായിരുന്നുവെങ്കിലും പെട്ടെന്ന് ആരുടെയോ നിര്‍ദ്ദേശം ലഭിച്ച ശേഷം അവര്‍ സെഷന്‍ തടസ്സപ്പെടുത്താന്‍ തുടങ്ങിയെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് സുരക്ഷാ ലംഘന വിഷയത്തില്‍ അമിത് ഷായുടെ പ്രസ്താവന വേണമെന്ന പ്രതിപക്ഷ എം. പിമാരുടെ ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പറഞ്ഞവര്‍ സന്നദ്ധത അറിയിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വേണമെന്നാണ് പറഞ്ഞു തുടങ്ങിയത്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കേണ്ടെന്ന് അവര്‍ മുന്‍കൂട്ടി തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.