ന്യൂദൽഹി- ബി.ജെ.പിയെ നേരിടാൻ പ്രാദേശിക ശക്തികളുമായി സഖ്യത്തിലാകാൻ തയ്യാറാകാത്ത സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് രാഹുലിന്റെ വിമർശനം. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ചെറുശക്തികളുമായി ധാരണ വേണമെന്നതിന്റെ തെളിവാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമെന്നും രാഹുൽ പറഞ്ഞു. മധ്യപ്രദേശിൽ, നാല് തവണ അധികാരത്തിലെത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. ബിജെപിയെ പരാജയപ്പെടുത്താൻ ചെറുപാർട്ടികളുമായി പൊരുത്തപ്പെടാൻ സംസ്ഥാന യൂണിറ്റുകൾ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
മധ്യപ്രദേശിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് മുതിർന്ന നേതാവ് കമൽനാഥ് സി.ഡബ്ല്യു.സി അംഗമല്ലാത്തതിനാൽ യോഗത്തിന് ഹാജരായിരുന്നില്ല. എങ്കിലും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കമൽനാഥിന്റെ സ്വേച്ഛാധിപത്യ ശൈലിയും ഫീഡ്ബാക്കുകളോ ആശയങ്ങളോ സ്വീകരിക്കാനുള്ള വിസമ്മതവും നിരവധി നേതാക്കൾ ചൂണ്ടിക്കാട്ടി. ചെറുപാർട്ടികൾക്ക് പോകുമായിരുന്ന വോട്ട് ബി.ജെ.പി ശേഖരിച്ചതാണ് മൂന്ന് സംസ്ഥാനങ്ങളിലെ തോൽവിക്ക് കാരണമെന്ന് പാർട്ടി കണ്ടെത്തി. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ തള്ളിക്കൊണ്ട് 'അഖിലേഷ്-വഖിലേഷ്' എന്ന പ്രയോഗം നടത്തിയ കമൽനാഥിന്റെ ശൈലി ഏറെ വിമർശനം വിളിച്ചുവരുത്തിയിരുന്നു. മധ്യപ്രദേശിൽ ചെറിയ പാർട്ടികളുമായി സീറ്റ് പങ്കിടാൻ കോൺഗ്രസ് സമ്മതിക്കേണ്ടതായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചെറുപാർട്ടികളുമായി സഖ്യത്തിലാകുന്നുവെന്നത് ആ പാർട്ടികളുടെ കടന്നുകയറ്റമായി പറയാനാകില്ല. കോൺഗ്രസിന് മറ്റുള്ളവരെ ഉൾക്കൊള്ളേണ്ടതുണ്ടെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ വോട്ടിന്റെ ഓരോ ശതമാനവും പ്രധാനമാണെന്നും രാഹുൽ പറഞ്ഞു.
മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടി ശരിയായ രീതിയിൽ പ്രചാരണം നടത്തിയില്ലെന്നും രാഹുൽ പറഞ്ഞു. തെലങ്കാനയിൽ മൂന്നാം സ്ഥാനത്തുനിന്നാണ് പൊരുതി കോൺഗ്രസ് ഒന്നാമതെത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ സംഘടനാ ശക്തി ഉയർത്തിക്കാട്ടാൻ ചില നേതാക്കൾ ശ്രമിച്ചപ്പോൾ, 2018ൽ മൂന്നിടത്തും കോൺഗ്രസ് വിജയിച്ചെന്നും ബി.ജെ.പിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
മല്ലികാർജുൻ ഖാർഗെ ഈ വീക്ഷണത്തെ അംഗീകരിക്കുകയും നാലോ അഞ്ചോ സീറ്റുകൾ വിട്ടുനൽകുന്നത് പാർട്ടിയുടെ വലിയ താൽപ്പര്യങ്ങൾക്കനുസൃതമായി ഒരു പ്രശ്‌നമാകരുതെന്നും പറഞ്ഞു.