Sorry, you need to enable JavaScript to visit this website.

'ധനക്കമ്മി ബാധിച്ചു'; സപ്ലൈകോയിൽ എല്ലാ സാധനങ്ങളും ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

- സപ്ലൈകോയിൽ രണ്ടു സബ്‌സിഡി സാധനങ്ങളെ ഉള്ളൂവെന്ന്‌ തൃശൂരിലെ ഉപഭോക്താക്കൾ
തിരുവനന്തപുരം - സപ്ലൈകോയിൽ എല്ലാ സബ്‌സിഡി സാധനങ്ങളും ഇല്ലാ എന്നത് സത്യമാണെന്ന് മന്ത്രി ജി.ആർ അനിൽ. ധനക്കമ്മി സപ്ലൈകോയെ ബാധിച്ചുവെന്നും ഇന്നലെ ഉദ്ഘാടനം ചെയ്ത സ്ഥലത്ത് 13-ൽ ഏഴ് സാധനങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.
  ഇന്ന് തൃശൂരിലും സാധനങ്ങൾ കുറവായിരുന്നു. കൂടുതൽ സാധനങ്ങൾ എത്തും. തൃശൂരിൽ സംഭവിച്ചത് ഉൽപന്നങ്ങളുടെ കുറവല്ല, സ്ഥലം മാറിയപ്പോൾ ഉണ്ടായ പ്രശ്‌നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 12 സാധനങ്ങളെങ്കിലും എത്തിക്കാൻ ശ്രമിക്കും. പഞ്ചസാര വ്യാപാരികൾ ടെൻഡറിൽ പങ്കെടുക്കുന്നില്ലെന്നും വേണ്ടവിധത്തിലുള്ള പരിഷ്‌കരണങ്ങളിലൂടെ സ്ഥാപനത്തെ നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
 തൃശൂരിലെ സപ്ലൈക്കോയിൽ സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ക്രിസ്മസ് - പുതുവത്സര ചന്തയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എം.എൽ.എയും മടങ്ങിയത് വാർത്തയായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 
 തൃശൂരിൽ സബ്‌സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. സാധനങ്ങൾ രണ്ട് ദിവസം കഴിഞ്ഞ് എത്തുമെന്നാണ് പറയുന്നത്. ക്രിസ്മസ് കഴിഞ്ഞ് ഇത് കിട്ടിയാൽ ക്രിസ്മസ് ആഘോഷിക്കാനാവുമോയെന്നും നാട്ടുകാർ ചോദിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് ജനപ്രതിനിധികൾ ഉദ്ഘാടനചടങ്ങ് ഒഴിവാക്കിയത്.
 13 സാധനങ്ങൾ സബ്‌സിഡിയിയായി നല്കുമെന്നാണ് സപ്ലൈക്കോ നേരത്തെ അറിയിച്ചിരുന്നത്. പുറമെ നോൺ സബ്‌സിഡി സാധനങ്ങൾ അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു. തീപൊള്ളുന്ന വിലക്കയറ്റത്തിനിടെ സപ്ലൈക്കോ ചെറിയൊരു ആശ്വാസമാണെങ്കിലും അവിടെയും സബസിഡി സാധനങ്ങൾ ഇല്ലാത്തത് വലിയ തലവേദനയാണ് ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്നത്.

Latest News