കൊല്ലം - കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകന് മാധവ് എന്നിവരാണ് മരിച്ചത്. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും മകന് മാധവിനെ കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടത്. രണ്ടുവര്‍ഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം . കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊല്ലത്ത് നടത്തിയിരുന്ന പ്രിന്റിംഗ് പ്രസ് അടുത്തിടെ കേരളപുരത്തേക്ക് മാറ്റുകയായിരുന്നു. രാജീവ് ഇന്ന് രാവിലെ പ്രസിലേക്ക് എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ഏറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വീട്ടില്‍ എത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. പിന്നീട് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.