ഡോ.ഷഹനയുടെ ആത്മഹത്യ. പ്രതി ഡോ.റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി - കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ  യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ഡോ. റുവൈസിന്റെ പാസ്‌പോര്‍ട്ട് പോലീസില്‍ നല്‍കണമെന്നതടക്കമുള്ള ഉപാധികള്‍ കോടതി വെച്ചിട്ടുണ്ട്. കൊല്ലത്ത് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ താന്‍ പോലീസിനെതിരെ സംസാരിച്ചതിനാല്‍ തന്നെ മന:പൂര്‍വ്വം പ്രതിയാക്കുകയാണുണ്ടയെന്നും സ്ത്രീധന നിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും  ഡോ.റുവൈസ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരുന്നതിന് ജാ്മ്യം അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വിദ്യര്‍ത്ഥി എന്ന പരിഗണന നല്‍കിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഡിസംബര്‍ അഞ്ചിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്തത്. അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം വ്യക്തമാക്കുന്നത്. മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ളാറ്റില്‍ അബോധാവസ്ഥയിലാണ് ഷഹനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹപാഠികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന് പിന്നാലെ ഷഹനയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഡോ.റുവൈസുമായി വിവാഹം തീരുമാനിച്ചിരുന്നെന്നും വലിയ തുകയും സ്വര്‍ണ്ണവും വിലകൂടിയ കാറും ഡോ.റുവൈസ് സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. എല്ലാവര്‍ക്കും വേണ്ടത് പണമാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.

 

Latest News