ന്യൂദല്‍ഹി-ആറുമുതല്‍ എട്ടുവരെ സീറ്റെങ്കിലും കിട്ടിയാലേ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാവൂവെന്ന് കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യമുയര്‍ന്നത്. വിഷയം തൃണമൂല്‍ നേതാക്കളുമായി സംസാരിക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.ബംഗാളില്‍ താഴെത്തട്ടിലുള്ള വിഷയമറിയാമെങ്കിലും ബി.ജെ.പി.യെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുടെ പ്രതികരണം. ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് എം.പി.മാരാണുള്ളത്. ലോക്‌സഭാ കക്ഷിനേതാവായ അധീര്‍ രഞ്ജന്‍ ചൗധരി ബഹ്‌റാംപുരില്‍നിന്നും അബു ഹാസന്‍ ഖാന്‍ മാള്‍ഡയില്‍നിന്നുമാണ് ലോക്‌സഭയിലെത്തിയത്. ഈ സീറ്റുകള്‍ വിട്ടുനല്‍കാമെന്ന് തൃണമൂല്‍ അറിയിച്ചു. ഇതിനുപുറമേ പുരുളിയ, ബാസിര്‍ഹട്ട് എന്നിവയും വടക്കെ ബംഗാളിലെ ഡാര്‍ജിലിങ് അടക്കമുള്ള അഞ്ചുസീറ്റുകളും വേണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം.
ബാസിര്‍ഹട്ടില്‍ കഴിഞ്ഞതവണ തൃണമൂലാണ് ജയിച്ചത്. സി.പി.ഐ. രണ്ടാം സ്ഥാനത്തും ബി.ജെ.പി. മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസ് നാലാമതുമായിരുന്നു. മഹാരാഷ്ട്ര, യു.പി., തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് 'ഇന്ത്യ' കക്ഷികളുമായി സീറ്റുവിഭജനചര്‍ച്ച തുടങ്ങി. യു.പി.യിലെ 80-ല്‍ 65 സീറ്റുകളില്‍ മത്സരിക്കാനാണ് എസ്.പി. തീരുമാനം. കോണ്‍ഗ്രസിന് എട്ടുസീറ്റുമാത്രമാണ് വാഗ്ദാനം. റായ്ബറേലി, അമേഠി എന്നിവിടങ്ങളില്‍ ബി.എസ്.പി.യുമായി നീക്കുപോക്കിനുള്ള കോണ്‍ഗ്രസ് ശ്രമം എസ്.പി.യെ ചൊടിപ്പിച്ചിട്ടുണ്ട്. ബി.എസ്.പി.യുമായി ചര്‍ച്ച നടത്തിയാല്‍ തങ്ങള്‍ വേറെ വഴിക്കു പോകുമെന്നാണ് എസ്.പി.യുടെ ഭീഷണി