ന്യൂദല്‍ഹി- നൂറിലേറെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 62 കാരി ദല്‍ഹി പോലീസിന്റെ പിടിയിലായി. അധോലോക സംഘത്തിലെ കൂട്ടാളികള്‍ മമ്മി എന്നു വിളിക്കുന്ന ബശീറാനാണ് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലെ സംഗംവിഹാറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 45 വര്‍ഷം കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് പ്രവശേഷിച്ച രാജസ്ഥാന്‍ കാരിയായ മമ്മി 113 കേസുകളില്‍ പ്രതിയാണ്.
രാജ്യത്തെ അഞ്ച് വനിതാ കൊടുംകുറ്റവാളികളിലൊരാളായാണ് മമ്മിയെ കണക്കാക്കുന്നത്. എട്ടുമാസമായി ഒരു കേസില്‍ പോലീസ് അന്വേഷിക്കുന്ന ബശീറനെ കഴിഞ്ഞ മേയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കുടുംബാംഗങ്ങളെ കാണാനാണ് മമ്മി കഴിഞ്ഞ ദിവസം സംഗംവിഹാറിലെത്തിയത്.
ഇവരോടൊപ്പം എട്ട് മക്കളും കൊലപാതകം, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടല്‍, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. എട്ടു മാസം മുമ്പ് മമ്മിയുടെ നേതൃത്വത്തിലുള്ള സംഘം ഒരാളെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുകയും വനത്തിലേക്ക് കൊണ്ടുപോയി കൊന്ന് കത്തിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കു ശേഷം വനത്തിലേക്ക് പോയ ഒരാളാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഈ കേസില്‍ ഉള്‍പ്പെട്ട ചിലരെ പോലീസ് ജനുവരിയില്‍ അറസ്റ്റ് ചെയ്‌തെങ്കിലും ബശീറന്‍ ഒളിവിലായിരുന്നു.
സംഗംവിഹറിലെ ചില സര്‍ക്കാര്‍ കുഴല്‍ക്കിണറുകള്‍ ഈ സംഘത്തിന്റെ നിയന്ത്രണത്തിലാണെന്നും ജലവിതരണ മാഫിയയില്‍ പ്രധാനമായും ബശീറന്റെ മക്കളാണെന്നും പോലീസ് പറയുന്നു.