Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിടവാങ്ങിയത് വയനാടിന്റെ സർ സയ്യിദ് അഹ്മദ് ഖാൻ 

വയനാടിന്റെ കുളിരുപോലെ, അനാഥകളെയും അഗതികളെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെ തണലുകൊണ്ട് തലോടിയ മഹാമനുഷ്യനായിരുന്നു എം.എ.മുഹമ്മദ് ജമാൽ. അനാഥകളായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കദ്ദേഹം പിതൃസ്ഥാനീയനായിരുന്നു. ഉറ്റവരും ഉടയവരുമില്ലാത്ത അനേകായിരങ്ങളെ ഹൃദയത്തിനൊപ്പം ചേർത്തുപിടിച്ച് അവസാനനിമിഷം വരെ അദ്ദേഹം യാത്ര ചെയ്തു. മനുഷ്യത്വത്തിന്റെ അത്യുദാത്തമായ സമകാലീന മാതൃകക്ക് മുഹമ്മദ് ജമാൽ എന്ന പേര് വിളിച്ചു. തികഞ്ഞ ആത്മാർത്ഥതയും നിസ്വാർത്ഥതയുമായിരുന്നു ആ മഹാമനീഷി യുടെ കൈമുതൽ. ഈശ്വരപ്രീതി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം.

1940 ജനുവരി 19ന് അബ്ദുറഹീം-ഖദീജ ദമ്പതികളുടെ മകനായി സുൽത്താൻ ബത്തേരിയിൽ ജനിച്ച മുഹമ്മദ് ജമാൽ, സുൽത്താൻ ബത്തേരിയിലും തുടർന്ന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലുമായിട്ടാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. കുട്ടിക്കാലം മുതൽക്കേ സാമൂഹിക സേവനത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും തൽപരനായിരുന്നു അദ്ദേഹം. 1967ൽ വയനാട് മുസ്്‌ലിം ഓർഫനേജ് സ്ഥാപിതമായതു മുതൽ സ്ഥാപനത്തിന്റെ ജോയിന്റ് സെക്രട്ടറിയായും 1988 മുതൽ മരണം വരെ ജനറൽ സെക്രട്ടറിയായും  സേവനമനുഷ്ഠിച്ചു. ഡബ്ല്യു.എം.ഒയെ ഇന്നു കാണുംവിധം വയനാട്ടിലെ 'അലിഗഢ് പ്രസ്ഥാന'മാക്കി മാറ്റുന്നതിൽ ജമാൽ മുഹമ്മദ് സാഹിബ് വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. എല്ലാ അർത്ഥത്തിലും വയനാടിന്റെ 'സർ സയ്യിദ് ' ആയിരുന്നു ജമാൽ സാഹിബ്. ഡബ്ല്യൂ.എം.ഒക്ക് കീഴിലിന്ന് വയനാട് ജില്ലയിൽ 35 സ്ഥാപനങ്ങളുണ്ട്. അവ കെട്ടിപടുക്കുന്നതിനു വേണ്ടി അദ്ദേഹം സ്വദേശത്തും വിദേശത്തും നടത്തിയ സ്‌നേഹ സഞ്ചാരങ്ങൾ പ്രവാസികളുടെ മനസിലെ മായാത്ത ഓർമ്മകളാണ്. പ്രവാസികൾ എന്നും സ്‌നേഹാദരങ്ങളോടെയാണ് അദ്ദേഹത്തെ വരവേറ്റിരുന്നത് എന്ന കാര്യവും സ്മരണീയമാണ്. 
ഡബ്ല്യു.എം.ഒയെ കൂടാതെ  നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ പിറവിയിലും വളർച്ചയിലും മുഹമ്മദ് ജമാൽ വഹിച്ച നിർണായക പങ്ക് എടുത്തു പറയേണ്ടതാണ്. തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ആതുര ശുശ്രൂഷാലയങ്ങൾ, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിർമ്മാർജ്ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷി പുനരധിവാസം, ന്യൂനപക്ഷ രാഷ്ടീയം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾ. രാഷ്ട്രീയം അദ്ദേഹത്തിന് സേവന പ്രവർത്തനങ്ങൾക്കുള്ള ഒരുപാധി മാത്രമായിരുന്നു. ഒടുവിൽ, വിടവാങ്ങുമ്പോൾ.


വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറി എന്നതിനൊപ്പം മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും  വയനാട് ജില്ലാ മുസ്്‌ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടുമായിരുന്നു. സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, സേവന മേഖലകളിൽ നിറഞ്ഞു നിൽക്കുമ്പോഴും അതിശയകരമാംവിധം അദ്ദേഹം പുലർത്തിയ വിനയവും  ലാളിത്യവും ആരിലും മതിപ്പും സ്‌നേഹവും ഉളവാക്കുന്നതായിരുന്നു. സേവന പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും   ഇതൊന്നും താനല്ല ചെയ്യുന്നതെന്ന നിറഞ്ഞ സൗമ്യഭാവമായിരുന്നു അദ്ദേഹത്തിന്.   
എടുത്തു പറയേണ്ട മറ്റൊരു കാര്യം, പ്രദർശനപരതയുടെ അസഹനീയമായ കെട്ടുകാഴ്ച്ചകൾ നിറഞ്ഞാടുന്ന വർത്തമാനകാലത്ത് ജമാൽക്ക പുലർത്തിയിരുന്ന വേറിട്ട വ്യക്തിത്വമാണ്. സ്ഥാനമാനങ്ങൾ അദ്ദേഹത്തിന് ഒരിക്കലും പൊങ്ങച്ചം കാണിക്കുവാനുള്ള കുറുക്കുവഴികളായിരുന്നില്ല; സേവന പ്രവർത്തനങ്ങൾക്കുള്ള എളിയ പാന്ഥാവായിരുന്നു.

2005 മുതൽ ഡബ്‌ളിയു.എം.ഒയുടെ കീഴിൽ നടന്ന   നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ സമൂഹവിവാഹ പരിപാടിയിൽ, ജമാൽ സാഹിബ് രക്ഷാകർതൃ സ്ഥാനമാണ് അലങ്കരിച്ചിരുന്നത്. ജാതി മത ഭേദമന്യേ നിർധനരായ കുടുംബങ്ങളിൽ നിന്ന് വിവാഹിതരാകുവാൻ എത്തിച്ചേർന്നിരുന്ന വധൂവരന്മാരെ സമൂഹവിവാഹ വേദിയിൽ ജമാൽക്ക പിതൃസ്ഥാനീയനായി ആശീർവദിക്കുന്നതിന് ആദരപൂർവ്വം സാക്ഷിയായിട്ടുണ്ട്. 
ജനസേവനം എങ്ങനെയായിരിക്കണം എന്നതിന്റെ പാഠപുസ്തകമായിരുന്നു ആ ജീവിതം. 2001 ൽ, ഡബ്ല്യൂ.എം.ഒയുടെ കീഴിൽ മുട്ടിലിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് അക്കാദമിയിൽ അധ്യാപകനായി പ്രവർത്തിക്കുന്ന കാലത്ത് ആരംഭിച്ച സൗഹൃദമാണ് ജമാൽക്കയുമായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലവും സ്‌നേഹ സാന്നിധ്യമായി അഭംഗുരം അത് തുടർന്നു.  മലയാളത്തിനു പുറമെ ഇംഗ്ലീഷും ഉറുദുവും ഹിന്ദിയും നന്നായി അറിയാമായിരുന്ന ജമാൽ സാഹിബ് മികച്ച വായനക്കാരൻ കൂടിയായിരുന്നു. നേരിട്ടു കാണുമ്പോഴെല്ലാം അത്തരം വിഷയങ്ങളും സംസാരത്തിൽ കടന്നു വരിക പതിവായിരുന്നു.സ്‌നേഹവും വാത്സല്യവും നിറഞ്ഞ  ഒരു തണൽവൃക്ഷത്തിന്റെ സാന്നിധ്യമാണ് ജമാൽക്ക വിടവാങ്ങലിലൂടെ അന്യമാവുന്നത്.
 

Latest News