Sorry, you need to enable JavaScript to visit this website.

തീ തുപ്പി ഇസ്രായിൽ, ഗാസയിൽ ആക്രമണം രൂക്ഷം

കെയ്‌റോ/ഗാസ/ജറുസലേം-ഗാസ മുനമ്പിലെ പോരാട്ടം വ്യാഴാഴ്ച കൂടുതൽ രൂക്ഷമായി. ഇതേവരെ നടന്നതിൽ ഏറ്റവും തീവ്രമായ ഇസ്രായിൽ ബോംബാക്രണമാണ് വ്യാഴാഴ്ച നടന്നതെന്ന് ഗാസ നിവാസികൾ പറയുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വാഷിംഗ്ടണിൽ ഗൗരവമേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇസ്രായിൽ അതിശക്തമായ ആക്രമണം തുടരുന്നത്. ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്താണ് ബോംബിംഗ് ഏറ്റവും തീവ്രമായത്. ഈ മേഖലയിൽ ഇസ്രായിലുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ രാവിലെ നിരവധി സ്‌ഫോടനങ്ങൾ നടന്നു. യുദ്ധവിമാനങ്ങൾ തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറന്നതായും ഗാസ നിവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായിലിന്റെ ആക്രമണത്തിൽ സർവതും നഷ്ടമായ ജനങ്ങൾ താമസിക്കുന്ന അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയാണ് ഇസ്രായിൽ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. ജബലിയയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ഇസ്രായിൽ സൈന്യം വെടിവെച്ചുകൊല്ലുന്നതായും ഇവിടെ താമസിക്കുന്നവർ വ്യക്തമാക്കുന്നു. 
'അധിനിവേശ സൈന്യം നടത്തുന്ന ബോംബ് സ്‌ഫോടനങ്ങളുടെ കാര്യത്തിൽ ഏറ്റവും മോശം രാത്രികളിലൊന്നായിരുന്നു ഇന്നലത്തേത്. എന്നിട്ടും കനത്ത പോരാട്ടം നടന്നുവെന്ന് ഒരു ഗാസ നിവാസി പറഞ്ഞു. ഗാസയുടെ ടെലികമ്യൂണിക്കേഷൻ സംവിധാനം തുടർച്ചയായ രണ്ടാം ദിവസവും തകർന്നുകിടക്കുകയാണ്. ജബലിയയിലേക്ക് ആംബുലൻസുകൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. വടക്കൻ ഗാസയിലെ അൽബന്ന സ്ട്രീറ്റിലും ജബലിയയിലെ നസാലയിലും ഡസൻ കണക്കിന് രക്തസാക്ഷികളും പരിക്കേറ്റവരും ചികിത്സ ലഭിക്കാതെ പ്രയാസത്തിലാണ്. ഷെല്ലാക്രമണവുമായി ബന്ധപ്പെട്ട് നിരവധി സഹായാഭ്യർത്ഥനകളാണ് ലഭിക്കുന്നത്. എമർജൻസി ടീമുകൾക്കോ രക്ഷാപ്രവർത്തകർക്കോ ആ ഭാഗത്തേക്ക് പോകാനോ അവരെ സഹായിക്കാനോ കഴിയുന്നില്ലെന്നും റെഡ് ക്രസന്റ് അറിയിച്ചു. ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്ത് പ്രവർത്തിച്ചിരുന്ന അവസാനത്തെ ആശുപത്രിയും രണ്ടു ദിവസമായി പ്രവർത്തിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇസ്രായിൽ കടുത്ത ആക്രമണം തുടരുന്നത്. 
അതേസമയം, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ചർച്ചകൾക്കായി ഇന്നലെയും ഈജിപ്തിൽ തങ്ങി. ആക്രമണം അവസാനിപ്പിക്കാതെ ഒരു തരത്തിലുള്ള ചർച്ചകൾക്കുമില്ലെന്ന് ഹമാസ് വ്യക്തമാക്കി. ആദ്യം ആക്രമണം അവസാനിപ്പിക്കുക, അതിന് ശേഷം മാത്രമായിരിക്കും ചർച്ച എന്ന് ഹമാസ് ആവർത്തിച്ചു. ബന്ദികളെ മോചിപ്പിക്കാതെ ചർച്ചയില്ലെന്ന് നിലപാടിലാണ് ഇസ്രായിൽ. ഗൗരവമേറിയ ചർച്ചകളാണ് നടക്കുന്നതെന്നും ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണം പൂർണമായി അവസാനിപ്പിച്ചതിനുശേഷമല്ലാതെ തടവുകാരെക്കുറിച്ചോ കൈമാറ്റ ഇടപാടുകളോ പാടില്ലെന്ന യോജിച്ച നിലപാടാണ് ഫലസ്തീൻ വിഭാഗങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായിൽ ആക്രമണം തുടരുമ്പോൾ ഞങ്ങൾക്ക് ചർച്ചകളെക്കുറിച്ച് സംസാരിക്കാനാവില്ല. തടവുകാരുമായി ബന്ധപ്പെട്ട ഏത് നിർദ്ദേശവും ആക്രമണം അവസാനിപ്പിച്ചതിന് ശേഷം നടക്കണമെന്ന് ഹനിയയുടെ മാധ്യമ ഉപദേഷ്ടാവ് താഹിർ അൽനോനോ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. അതേസമയം ഹമാസ് ഗാസ നിയന്ത്രിക്കുമ്പോൾ യുദ്ധം അവസാനിക്കില്ലെന്ന ഇസ്രായിലിന്റെ നിലപാട് മന്ത്രി ആവർത്തിച്ചു. അതിനിടെ, ഇന്നലെ രാവിലെ ഈജിപ്തിലേക്കുള്ള റഫാ ക്രോസിംഗിന്റെ കവാടത്തിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രായിലിന്റെ തന്നെ നിയന്ത്രണത്തിലുള്ള കെരെം ഷാലോം ബോർഡർ ക്രോസിംഗിന്റെ ഗാസ സൈഡ് ഡയറക്ടർ ബസ്സം ഗബെൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി ഹമാസ് അധികൃതർ പറഞ്ഞു. സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന്് ഇസ്രായേൽ സൈന്യം സൂചിപ്പിച്ചു.

Latest News