മുംബൈ (മഹാരാഷ്ട്ര)-കഴിഞ്ഞ പത്തുകൊല്ലമായി മുംബൈയിൽ തന്റെ അമ്മയെ തിരയുകയാണ് സ്വിറ്റ്‌സർലൻഡുകാരിയായ വിദ്യ ഫിലിപ്പൺ. അമ്മയുടെ കുടുംബപ്പേരും വിലാസവും മാത്രമാണ് വിദ്യയുടെ കയ്യിൽ ആകെയുള്ളത്. ആ അഡ്രസിൽ ഇപ്പോൾ ആരുമില്ല. 1996 ഫെബ്രുവരി 8 നാണ് വിദ്യ ഫിലിപ്പോണിന്റെ ജനനം. പ്രസവിച്ച ഉടൻ വിദ്യയെ അമ്മ മിഷനറീസ് ഓഫ് ചാരിറ്റിയിൽ ഉപേക്ഷിച്ച ശേഷം എവിടേക്കോ പോയി. 1997 ൽ വിദ്യയെ സ്വിസ് ദമ്പതികൾ ദത്തെടുക്കുകയും സ്വിറ്റ്‌സർലൻഡിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തന്റെ വേരുകൾ കണ്ടെത്താനാണ് ഫിലിപ്പോൺ ഇന്ത്യയിലേക്ക് വന്നത്. മിഷണറീസ് ഓഫ് ചാരിറ്റിയിൽ എത്തിയ വിദ്യ അമ്മയുടെ വിലാസം കണ്ടെത്തി. വിലാസത്തിലുണ്ടായിരുന്ന മുംബൈയിലെ ദാഹിസാർ പ്രദേശത്തിൽ സന്ദർശനം നടത്തുകയും ചെയ്തു. പക്ഷെ, ഈ വിലാസത്തിൽ ആളുണ്ടായിരുന്നില്ല. സ്വിറ്റ്‌സർലൻഡിൽ നിന്ന് എത്തിയ വിദ്യാ ഫിലിപ്പോണിന്റെ അമ്മയെ കണ്ടെത്തുന്നതിന് സഹായിക്കാനാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നതെന്ന് ഫിലിപ്പോണിന്റെ അമ്മയെ കണ്ടെത്താൻ സഹായിക്കുന്ന ദത്തെടുക്കുന്ന അവകാശ കൗൺസിൽ ഡയറക്ടർ അഡ്വക്കേറ്റ് അഞ്ജലി പവാർ പറഞ്ഞു. അമ്മയെ കണ്ടെത്തുന്നതിന് മിഷണറീസ് ഓഫ് ചാരിറ്റി സഹായിച്ചു. അമ്മയെക്കുറിച്ച് അവർ ചില വിവരങ്ങൾ നൽകി. എന്നാൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു നഗരത്തിൽനിന്ന് പഴയ വിലാസത്തിലെ ആളുകളെ കണ്ടെത്താൻ പ്രയാസമാണന്ന് അഞ്ജലി പറഞ്ഞു. എങ്കിലും വിദ്യ അമ്മയെ അന്വേഷിച്ചു നടക്കുകയാണ്.