മുംബൈ-ലോകത്തിലെ ഏറ്റവും മോശം എയർലൈനാണ് എയർ ഇന്ത്യയെന്ന് അനുഭവം പങ്കുവെച്ച് ഓസ്‌ട്രേലിയൻ എഴുത്തുകാരി. അടുത്തിടെ മുംബൈയിൽ നിന്ന് ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് പറന്ന വിമാനത്തിലെ അനുഭവം വിവരിച്ചാണ് എഴുത്തുകാരി ഷെരെൽ കുക്ക് ഇക്കാര്യം പങ്കുവെച്ചത്. എയർ ഇന്ത്യ ഏറ്റവും മോശം വിമാനമാണെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ഇത് പരിഗണിക്കാതെ മുംബൈയിൽനിന്ന് മെൽബണിലേക്ക് ഈ വിമാനം തെരഞ്ഞെടുത്തത് മണ്ടൻ തീരുമാനമായെന്നും അവർ പറഞ്ഞു. ബാഗേജ് കൗണ്ടറിൽനിന്നും വിമാനത്തിൽനിന്നുമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
ചെക്ക് ഇൻ കൗണ്ടറിൽ രണ്ട് മണിക്കൂർ നീണ്ട വരിയിൽനിന്നു. ഒരു മണിക്കൂറോളം ഒരു വിവരവും പങ്കുവെക്കാതെ റൺവേയിൽ കുടുങ്ങി. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് അറിയിപ്പുകളോ അപ്‌ഡേറ്റുകളോ നൽകിയില്ല. പ്രഭാതത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ മദ്യവും ലഘുഭക്ഷണവുമാണ് നൽകിയത്. ഈ സമയത്ത് ആരാണ് മദ്യം കഴിക്കാൻ ആഗ്രഹിക്കുന്നത്. നോൺവെജ് ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് മാത്രമേ നൽകുന്നുള്ളൂ. പഴയ വിമാനമാണ് യാത്രക്ക് ഉപയോഗിക്കുന്നത്. അര മണിക്കൂർ വൈകിയാണ് വിമാനം മെൽബണിൽ എത്തിയത്. തുടർന്നും ഇരുപതു മിനിറ്റോളം വിമാനത്തിൽ ഇരിക്കേണ്ടി വന്നു. സഹികെട്ട ഒരു സഹയാത്രികൻ തന്റെ സാധനങ്ങളെല്ലാം വിമാനത്തിന്റെ തറയിലേക്ക് വലിച്ചെറിഞ്ഞെന്നും അവർ പറഞ്ഞു. അതേസമയം, സംഭവത്തിൽ എയർ ഇന്ത്യ ക്ഷമ ചോദിച്ചു. വിമാനയാത്രയ്ക്കിടെ അനുഭവിച്ച അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ പറഞ്ഞു. നിങ്ങളുടെ ഫീഡ്ബാക്ക് ഞങ്ങൾക്ക് വിലപ്പെട്ടതാണെന്നും യാത്ര ഞങ്ങൾ ഉയർത്തിപ്പിടിക്കാൻ ഉദ്ദേശിച്ച നിലവാരത്തേക്കാൾ കുറവായതിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ അയച്ച സന്ദേശത്തിലുണ്ട്. ഈ ആശങ്കകൾ ഞങ്ങൾ ഗൗരവമായി കാണുന്നു. ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഈ ഫീഡ് ബാക്ക് ഞങ്ങളെ സഹായിക്കും. നിങ്ങളോട് സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ കോൺടാക്റ്റ് നമ്പറും ബന്ധപ്പെടാനുള്ള സൗകര്യപ്രദമായ സമയവും അറിയിക്കണമെന്നും എയർ ഇന്ത്യ അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.