ന്യൂദൽഹി- മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) തലവനും ലൈംഗീക പീഡന കേസിൽ ആരോപണവിധേയനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ സഹായി സഞ്ജയ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കായിക രംഗം വിടുകയാണെന്ന് ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലിക് പ്രഖ്യാപിച്ചു.
12 വർഷമായി ഡബ്ല്യുഎഫ്‌ഐ തലവനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ദീർഘകാല സഹായിയാണ് സഞ്ജയ് സിംഗ്. ഉത്തർപ്രദേശിൽ നിന്ന് ആറ് തവണ ബി.ജെ.പി എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബ്രിജ് ഭൂഷൺ ശരൺ സിംഗ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതായി സാക്ഷി മാലിക് ഉൾപ്പെടെയുള്ള മുൻനിര ഗുസ്തിക്കാർ ആരോപിച്ചിരുന്നു. തുടർന്നാണ് ബ്രിജ് ഭൂഷണ് സ്ഥാനം ഒഴിയേണ്ടി വന്നത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ സഞ്ജയ് സിംഗ് 47ൽ 40 വോട്ടുകൾ നേടി. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അനിത ഷിയോറന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏഴു വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവർ തെരഞ്ഞെടുപ്പ് ഫലത്തിൽ നിരാശ പ്രകടിപ്പിച്ചു.
സഞ്ജയ് സിംഗ് ഫെഡറേഷന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ, വനിതാ ഗുസ്തിക്കാർക്ക് നേരെയുള്ള പീഡനം തുടരുമെന്ന് കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് കരഞ്ഞു പ്രതികരിച്ചു. രാജ്യത്ത് എങ്ങനെ നീതി കണ്ടെത്തുമെന്ന് തനിക്ക് ഒരു പിടിയുമില്ല. ഞങ്ങളുടെ ഗുസ്തി ജീവിതത്തിന്റെ ഭാവി ഇരുട്ടിലാണ്. എവിടേക്ക് പോകണമെന്ന് ഞങ്ങൾക്ക് അറിയില്ല,' അവർ പറഞ്ഞു.
'ഞങ്ങൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് നിർഭാഗ്യകരമാണെന്ന് ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് പുനിയ പറഞ്ഞു. 'ഞങ്ങൾക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല, ഞങ്ങൾ ഇവിടെ വന്നത് രാഷ്ട്രീയത്തിന് വേണ്ടിയല്ല, ഞങ്ങൾ സത്യത്തിന് വേണ്ടി പോരാടുകയായിരുന്നു, എന്നാൽ ഇന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ഒരു സഹായി ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റായി. ഗുസ്തി സംഘടനക്ക് ഒരു വനിതാ മേധാവിയെ ലഭിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നുവെന്ന് മാലിക് പറഞ്ഞു. എന്നാൽ അത് നടന്നില്ല അവൾ പറഞ്ഞു. 'ഞങ്ങൾ പോരാടി, പക്ഷേ പുതിയ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ സഹായിയും ബിസിനസ്സ് പങ്കാളിയുമാണെങ്കിൽ, ഞാൻ ഗുസ്തി ഉപേക്ഷിക്കും,' ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ മാലിക് തന്റെ ബൂട്ട് മേശപ്പുറത്ത് വച്ചു പറഞ്ഞു.