കോഴിക്കോട്- അടിച്ചാൽ തിരിച്ചടിക്കുമെന്നത് പാർട്ടിയുടെ നിലപാട് തന്നെയാണെന്നും അത് ആവർത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഭീരുവാണോ എന്ന കാര്യം പ്രതിപക്ഷനേതാവിനോട് ചോദിച്ചാൽ മനസിലാകുമെന്ന മുഖ്യമന്ത്രിയുടെ വാദത്തിനും സതീശൻ മറുപടി പറഞ്ഞു. സുധാകരനോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഭീരുവാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സതീശൻ തിരിച്ചടിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പോലീസ് അതിക്രൂരമായാണ് മർദ്ദിക്കുന്നത്. പോലീസിന് പുറമെ മുഖ്യമന്ത്രിയുടെ ഗൺമാനും പാർട്ടി പ്രവർത്തകരും മർദ്ദനം അഴിച്ചുവിടുന്നു. ഇതിനെതിരെ നിയമപരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്നാണ് പറഞ്ഞത്. മറ്റുവഴിയില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പാലും തേനും നൽകിയാണ് പോലീസ് കൊണ്ടുപോയത്. ഒരു പാൽക്കുപ്പി കൂടി കൊടുക്കാമായിരുന്നു. അതേസമയം, കെ.എസ്.യു പ്രവർത്തകരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചും ക്രൂരമായി മർദ്ദിക്കുന്നു. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കളിയാണ് നടക്കുന്നത്. സർക്കാർ പ്രതിസന്ധിയിലാകുന്ന സമയത്തെല്ലാം ഗവർണർ വിവാദമുണ്ടാക്കും. നവകേരള യാത്രയോടെ സംസ്ഥാന സർക്കാർ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലായി. അറിയപ്പെടുന്ന ഗുണ്ടകളും ക്രിമിനലുകളുമാണ് മുഖ്യമന്ത്രിയുടെ യാത്രയിൽ അണിനിരക്കുന്നത്. ഞങ്ങളുടെ കുട്ടികളെ സി.പി.എമ്മിന്റെ ഇരകളാകാൻ വിട്ടുകൊടുക്കില്ലെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ബി.ജെ.പിയുടെ പിന്തുണയോടെയാണ് നവകേരള സദസ്സ് നടക്കുന്നത്. കെ. സുരേന്ദ്രൻ കുഴൽപ്പണ കേസിൽ അകത്തുപോകേണ്ട ആളായിരുന്നു. അദ്ദേഹത്തെ സംരക്ഷിച്ചത് പിണറായി വിജയനാണ്. അതിന്റെ സഹായമാണ് സുരേന്ദ്രൻ പിണറായിക്ക് നൽകുന്നത്. ലാവ്ലിൻ കേസിൽ പിണറായിയെ സംരക്ഷിച്ചുവരുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.