മുന്നിൽ വെല്ലുവിളികളേറെ
ഇസ്‌ലാമാബാദ്- പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇംറാൻ ഖാനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികൾ. മുൻ ക്രിക്കറ്റ് നായകൻ കൂടിയായ ഇംറാൻ ഖാൻ ഇന്നലെയാണ് പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സ്വന്തം കക്ഷിയായ തെഹ്‌രീകെ ഇൻസാഫ് പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാത്തതിന് പുറമെ, നിരവധി പ്രശ്‌നങ്ങളും പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുണ്ട്.
രാജ്യത്തിന്റെ വരവും ചെലവും ഒത്തുപോകാത്തതാണ് ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്. പാക്കിസ്ഥാന്റെ പുതിയ ധനമന്ത്രി അസദ് ഉമറാണ്. അടുത്ത മാസത്തോടെ ഐ.എം.എഫിനെ സമീപിക്കുമെന്ന് അസദ് ഉമർ വ്യക്തമാക്കി. എന്നാൽ ഐ.എം.എഫ് പാക്കിസ്ഥാന് പണം നൽകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഐ.എം.എഫിന് കൂടുതൽ പണം നൽകുന്നത് അമേരിക്കയാണ്. ചൈനക്ക് നൽകാനുള്ള പണം ഐ.എം.എഫ് ഫണ്ടുപയോഗിച്ച് പാക്കിസ്ഥാൻ നൽകുമെന്നാണ് അമേരിക്കയുടെ ആരോപണം. കഴിഞ്ഞ കുറേ വർഷമായി പാക്കിസ്ഥാന്റെ വരവിനേക്കാൾ ചെലവ് കൂടുന്ന അവസ്ഥ സ്ഥിരമായി നിൽക്കുകയാണ്. വരവ് കൂടുതലും ചെലവ് കുറവുമാകുന്ന അവസ്ഥയിലേക്ക് പാക്കിസ്ഥാൻ എത്തിയിട്ടില്ല. പണത്തിന്റെ മൂല്യവും കുറഞ്ഞുവരുന്നു. ഇന്ത്യയുമായുള്ള വ്യാപാരം വർധിപ്പിച്ച് നികുതി വരുമാനം കൂട്ടാനുള്ള സാധ്യതയും ഇംറാൻ ഖാന്റെ ഭരണകൂടം തേടുന്നുണ്ട്. എന്നാൽ ഇതും എത്രമാത്രം പ്രാവർത്തികമാകും എന്ന കാര്യത്തിൽ സംശയമുണ്ട്.
ഇസ്‌ലാമിക ക്ഷേമ രാഷ്ട്രം സ്ഥാപിക്കുമെന്നാണ് ഇംറാൻ ഖാന്റെ മറ്റൊരു വാഗ്ദാനം. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കൂടുതൽ പരിഗണന നൽകിയാണ് ഇത് സാധ്യമാക്കുക എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇതും എത്രയേറെ വിജയിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. പാക്കിസ്ഥാന്റെ വിവിധ കേന്ദ്രങ്ങളിൽ ഭീകരവാദ സംഘടനകളുടെ സാന്നിധ്യം അടുത്തവർഷങ്ങളിൽ ഏറി വരികയാണ്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം സംബന്ധിച്ചും അതിന്റെ വേരറുക്കാനും ഇതേവരെ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ലെന്ന വിമർശനവുമുണ്ട്. അതുകൊണ്ട് തന്നെയാണ് പാക്കിസ്ഥാനകത്ത് ഭീകരാക്രമണം പതിവാകുന്നതും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇരുന്നൂറിലേറെ പേരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. ഭീകരവാദ സംഘടനകളുമായി ചർച്ച നടത്താനുള്ള സന്നദ്ധത ഇംറാൻ ഖാനെ താലിബാൻ ഖാൻ എന്ന വിളിപ്പേരിനും കാരണമായിട്ടുണ്ട്.
കുടുംബാസൂത്രണ പദ്ധതി ഏർപ്പെടുത്തണമെന്ന ആവശ്യവും ഇംറാൻ ഖാൻ ഭരണകൂടത്തിന് സൃഷ്ടിക്കുന്നത് വെല്ലുവിളികളാണ്. 1960ന് ശേഷം പാക്കിസ്ഥാന്റെ ജനസംഖ്യയിൽ അഞ്ചിരട്ടി വർധനവാണുണ്ടായത്. 20.7 കോടിയാണ് നിലവിൽ പാക്കിസ്ഥാനിലെ ജനസംഖ്യ. ഒരു സ്ത്രീക്ക് മൂന്നു കുട്ടികൾ എന്ന നിലയിൽ കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് ഇംറാൻ ഖാൻ ഇതേവരെ ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ല.
വൻതോതിൽ ജലദൗർബല്യം നേരിടുകയാണ് പാക്കിസ്ഥാൻ. 2025 ആകുമ്പോഴേക്കും പാക്കിസ്ഥാൻ പൂർണമായും വെള്ളം കിട്ടാതെ ആകെ പ്രതിസന്ധിയിലാകുമെന്നും വിദഗ്ദർ പറയുന്നു. 500 ക്യൂബിക് മിറ്റർ വെള്ളം മാത്രമേ ഒരാൾക്കുണ്ടാകൂ എന്നാണ് കണക്ക്. നിലവിൽ ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് മാത്രമാണിത്. ജലഉപഭോഗം സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുക മാത്രമേ വഴിയുള്ളൂ. പരിസ്ഥിതി ബോധവത്കരണം സംബന്ധിച്ച് ഇംറാൻ ഖാന് മികച്ച ട്രാക്ക് റെക്കോർഡുണ്ട്. ബില്യൺ ട്രീ സുനാമി പദ്ധതി പ്രകാരം ഖൈബർ മേഖലയിൽ ആയിരകണക്കിന് മരങ്ങൾ ഇംറാൻ ഖാന്റെ പാർട്ടി വെച്ചുപിടിപ്പിച്ചിരുന്നു.
പാക്കിസ്ഥാന്റെ 71 വർഷത്തെ ചരിത്രത്തിൽ ഭരണം പകുതിയും പട്ടാളത്തിന് കീഴിലായിരുന്നു. വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ സർക്കാറിനെ അട്ടിമറിച്ച് പട്ടാളഭരണം ഏർപ്പെടുത്തൽ പാക്കിസ്ഥാനിൽ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഇംറാൻ ഖാന്റെ ഭരണവും വാൾമുനമ്പിലാണെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞവർഷം നവാസ് ഷരീഫിന് അധികാരം നഷ്ടപ്പെടാനും ജയിലിൽ അകപ്പെടാനും കാരണമായത് സൈന്യത്തിന്റെ ഗൂഢാലോചനയാണെന്നാണ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ആരോപണം. സൈന്യം ഇത് നിഷേധിച്ചിട്ടുണ്ട്. ഇംറാൻ ഖാനും നവാസ് ഷരീഫിന്റെ ആരോപണം തള്ളി. ഈ പാർലമെന്റിൽ ഞാൻ നിൽക്കുന്ന് എന്റെ സ്വന്തം കാലിലാണെന്നാണ് ഇംറാൻ ഖാൻ വ്യക്തമാക്കിയത്. തനിക്ക് അധികാരം ലഭിച്ചതിന് പിന്നിൽ സൈന്യത്തിന്റെ ഒത്തുകളിയാണെന്ന തരത്തിലുള്ള ആരോപണത്തോട് പ്രതികരിക്കുകായിരുന്നു ഇംറാൻ.
ഇതിന് പുറമെയാണ് ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ച് ഇംറാൻ ഖാന്റെ നിലപാട് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ബന്ധം മോശമാണെന്ന് മാത്രമല്ല, ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതും. കശ്മീരിൽ ഇന്ത്യൻ സൈന്യവും പാക് സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ മൂർധന്യാവസ്ഥയിലാണ്. പാക് മണ്ണിലേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച ആരോപണം ഇതേവരെ തീർന്നിട്ടില്ല. ഇതിന് പുറമെയാണ് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ ഭീകരമായ തോതിൽ കശ്മീരിൽ ഏറ്റുമുട്ടൽ നടക്കുന്നത്. കശ്മീരിലെ നുഴഞ്ഞുകയറ്റവും സൈനിക കേന്ദ്രങ്ങൾക്ക് നേരെയുളള അക്രമത്തിന് പിന്നിലും പാക്കിസ്ഥാന് കൃത്യമായ പങ്കുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം. ഇത് സംബന്ധിച്ച് ഇന്ത്യ വിവിധ വേദികളിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ അധികാരത്തിലെത്തിയ ഇംറാൻ ഖാന്റെ വിദേശ നയം ഇന്ത്യയെ സംബന്ധിച്ചും ഏറെ നിർണായകമാണ്. അടുത്തവർഷം ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രത്യേകിച്ചും. ഇംറാൻ ഖാന്റെ മുന്നിൽ വെല്ലുവിളികൾ നിറഞ്ഞ ദിവസങ്ങളാണുള്ളത്.