മലപ്പുറം - കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ അഞ്ച് സെനറ്റ് അംഗങ്ങളെ സംഘപരിവാര്‍ അനുകൂലികളാണെന്ന് ആരോപിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവരെ ഗേറ്റിനകത്തേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയറ്റി വിട്ടില്ല. അതേസമയം, യോഗത്തിനെത്തിയ യു ഡി എഫ് പ്രതിനിധികളായ സെനറ്റ് മെമ്പര്‍മാരെ കടത്തി വിടുകയും ചെയ്തു. ഇതോടെ സംഘര്‍ഷാവസ്ഥക്ക് കളമൊരുങ്ങിയിരിക്കുകയാണ്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംഘടിക്കുകയും സെലക്ട് ഹാളിന്റെ കവാടത്തില്‍ കുത്തിയിരിക്കുകയും ചെയ്യുകയാണ്. തടഞ്ഞ അംഗങ്ങള്‍ അകത്തേക്ക് കയറാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ഒന്‍പത് സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്നും ഇവരെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നു.