യുദ്ധത്തിനും സമാധാനത്തിനുമിടയിൽ ദിശ തെറ്റാതെ ഐക്യരാഷ്ട്രസഭയെ മുന്നോട്ടുനയിച്ചതിന്റെ പേരിലാകും കോഫി അന്നനെ ലോകമോർക്കുക. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഒരേസമയം കോഫി അന്നനും യു.എന്നുമാണ് ലഭിച്ചത്.
80 വയസായിരുന്ന കോഫി അന്നൻ സ്വിറ്റ്‌സർലന്റിലെ ബേൺ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. കോഫി അന്നൻ സ്ഥാപിച്ച കോഫി അന്നൻ ഫൗണ്ടേഷൻ ബെറ്റർ ഗ്ലോബൽ ഗവേണൻസ് ആന്റ് വർക്ക് ഫോർ പീസാണ് മരണം സ്ഥിരീകരിച്ചത്. കുറച്ചുനാളായി അസുഖബാധിതനായിരുന്നു. രോഗവിവരം എന്താണെന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. മരണസമയത്ത് രണ്ടാമത്തെ ഭാര്യ നാനേ, മക്കളായ അമ, കോജോ, നിന എന്നിവർ അടുത്തുണ്ടായിരുന്നു. 1997 മുതൽ 2006 വരെ രണ്ടു വട്ടം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചു. കാലാവധി തീർന്നശേഷം ജനീവയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കോഫി അന്നന്റെ പത്തുവർഷം പഴക്കമുള്ള ഫൗണ്ടേഷൻ ആഫ്രിക്കയിൽ മികച്ച ഭരണവും ആഫ്രിക്കൻ കൃഷി മേഖലയിലെ വിപ്ലവവും ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ഉന്നതിയെ കൂടുതൽ തിളക്കമുറ്റതാക്കാൻ കോഫി അന്നന് സാധിച്ചുവെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്വിറ്ററെസ് അഭിപ്രായപ്പെട്ടു.
യു.എൻ സമാധാന സംരക്ഷണ സമിതിയുടെ തലവനായിരിക്കേ, റുവാണ്ടയിൽ 1990കളിൽ നടന്ന വംശഹത്യ നിയന്ത്രണവിധേയമാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ കോഫി അന്നൻ വിമർശനവിധേയനായിരുന്നു.
ഇറാഖിൽ 2003-ൽ അമേരിക്ക നടത്തിയ അക്രമത്തെ കോഫി അന്നൻ ശക്തമായി എതിർത്തു. സിറിയൻ സമാധാന സംഘത്തെയും കോഫി അന്നൻ നയിച്ചെങ്കിലും അതും ഫലപ്രദമായി. ലോകശക്തികൾ കോഫി അന്നന്റെ നീക്കത്തിനെതിരെ മുഖം തിരിച്ചതായിരുന്നു കാരണം. ദമാസ്‌കസിലേക്കുള്ള യാത്രാധ്യേ എന്റെ സൈന്യം നഷ്ടമായി എന്നാണ് ഇത് സംബന്ധിച്ച് കോഫി അന്നൻ പിന്നീട് പറഞ്ഞത്. ഐക്യരാഷ്ട്രസഭ ഇനിയും മെച്ചപ്പെടാനുണ്ടെന്നും എന്നാൽ രൂപീകരിക്കപ്പെട്ട കാലത്തുനിന്ന് ഇത് ഏറെ ഉന്നതിയിലെത്തിയെന്നും കഴിഞ്ഞ ഏപ്രിലിൽ ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തിൽ കോഫി അന്നൻ പറഞ്ഞിരുന്നു. ജനീവയിൽ കോഫി അന്നൻ പഠിച്ച ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റിയൂട്ടിൽ വെച്ചായിരുന്നു ബി.ബി.സി അഭിമുഖം. ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനായാണ് ജനിച്ചതെന്നും ശുഭചിന്ത എന്നും കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. 1938 ഏപ്രിൽ എട്ടിന് ഘാനയിലെ കുമാസിയിലെ കുലീന തറവാട്ടിലായിരുന്നു കോഫി അന്നന്റെ ജനനം. 1962-ൽ പഠനശേഷം ലോകാരാഗ്യസംഘടനയിൽ ചേർന്നു. പിന്നീട് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയിലടക്കം യു.എന്നിന്റെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചു. 1972-ൽ എം.ഐ.ടി ബിരുദം നേടി. 1993-96 കാലഘട്ടത്തിൽ യു.എൻ സമാധാനസംരക്ഷണ സംഘത്തിന്റെ ഡപ്യൂട്ടി മേധാവിയായി. 1997 ജനുവരി ഒന്നിനാണ് യു.എൻ സെക്രട്ടറി ജനറലായത്. ഐക്യരാഷ്ട്രസഭയുടെ തന്നെ ഒരു ഘടകത്തിൽ പ്രവർത്തിച്ച ഒരാൾ ഇതാദ്യമായിട്ടായിരുന്നു അതിന്റെ തലപ്പത്തെത്തുന്നത്. 2001-ൽ രണ്ടാമതും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതേവർഷം ഒക്‌ടോബർ 12ന് യു.എന്നിനും കോഫി അന്നനും സമാധാനത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചു. ഇറാഖിലേക്ക് എണ്ണക്ക് പകരം ഭക്ഷണം പദ്ധതിയിൽ അഴിമതി നടത്തിയെന്ന ആരോപണം 2005-ൽ ഇദ്ദേഹത്തിന് നേരെയുണ്ടായെങ്കിലും അന്വേഷണത്തിൽ അത് തെറ്റാണെന്ന് തെളിഞ്ഞു. 2012-ൽ യു.എന്നും അറബ് ലീഗും സംയുക്തമായി കോഫി അന്നനെ സിറിയൻ യുദ്ധത്തിലെ സമാധാന ദൂതനായി നിയോഗിച്ചു. എന്നാൽ ദൗത്യം പൂർത്തിയാക്കാനാകാതെ അഞ്ചു മാസത്തിന് ശേഷം സ്ഥാനം വലിച്ചെറിഞ്ഞു. കോഫി അന്നന്റെ മരണത്തിൽ വിവിധ ലോക നേതാക്കൾ അനുശോചിച്ചു.