തിരുവനന്തപുരം - ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ രൂപേണയുള്ള മറുപടി. തനിക്ക് ഭയമുണ്ടോ എന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരനോട് ചോദിച്ചാല്‍ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താന്‍ നാണിക്കേണ്ടത്. പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പോലീസ് സംരക്ഷണത്തില്‍ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ പോയതാണ്. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് അവരെ പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോള്‍ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവര്‍ണര്‍ തന്നെ അത് തുടങ്ങി വെച്ചു. അതിനെ കോണ്‍ഗ്രസ് പിന്തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.