വേദനിപ്പിച്ചുവെന്ന് ധൻഖർ
ന്യൂദൽഹി- രാഷ്ട്രീയ നേതാക്കൾ പ്രകോപനപരമായ ഭാഷ ഉപയോഗിക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിനെ തൃണമൂൽ എം.പി കല്യാൺ ബാനർജി അനുകരിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് മല്ലികാർജുൻ ഖാർഗെ ഇക്കാര്യം പറഞ്ഞത്. പാർലമെന്റിന്റെ പടികളിൽ അരങ്ങേറിയ മിമിക്രി വ്യക്തിപരമായ ആക്രമണവും കർഷകരെയും ജാട്ട് സമുദായത്തെയും അപമാനിക്കുന്നതാണെന്നും ധൻഖർ രാജ്യസഭയിൽ പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയായി വേദനിപ്പിക്കുന്ന വാക്കുകൾ ആരും ഉപയോഗിക്കരുതെന്നും ജനങ്ങളെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഖാർഗെ വ്യക്തമാക്കി. ദളിത് വിഭാഗത്തിൽ പെട്ട താൻ പലപ്പോഴും വർഗീയ അധിക്ഷേപങ്ങൾ നേരിട്ടതായും അദ്ദേഹം പറഞ്ഞു. ജാതി അധിഷ്ഠിതമായ അപമാനമാണ് നേരിട്ടതെന്നും കർഷകരെ അപമാനിച്ചുവെന്നും ചെയർമാൻ പറയുന്നു. എന്നാൽ ഞാനും എന്റെ ജാതിയും എപ്പോഴും ആക്രമിക്കപ്പെടുന്നു. ഞാൻ ഒന്നും പറയുന്നില്ല-ഖാർഗെ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ പാർലമെന്റിൽ പ്രമേയം പാസാക്കുന്നതിനെ ഖാർഗെ എതിർത്തു. പുറത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച് സഭയിൽ പ്രമേയം പാസാക്കുന്നത് ഉചിതമല്ലെന്ന് ഖാർഗെ വ്യക്തമാക്കി. പാർലമെന്റിൽനിന്ന് എം.പിമാരെ സസ്‌പെന്റ് ചെയ്തത് റദ്ദാക്കണം. പ്രതിപക്ഷം ആരെയും അപമാനിക്കാൻ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള സർക്കാരിനെ ഉത്തരവാദിത്തത്തോടെ നിർത്തുക മാത്രമാണ് പ്രതിപക്ഷത്തിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. മോഡിയും അമിത് ഷായും ഇവിടെയുണ്ട്. അവർ സഭയിൽ വന്ന് കാര്യങ്ങൾ വിശദീകരിക്കാത്തത് എന്താണ്. എന്തിനാണ് അവർ സഭയിൽ സംസാരിക്കാൻ മടിക്കുന്നത്. അവർക്ക് പുറത്ത് സംസാരിക്കാം. പക്ഷേ സഭയിൽ പറ്റില്ലേ. ആഭ്യന്തര മന്ത്രി വന്ന് ഇക്കാര്യത്തിൽ പ്രസ്താവന നടത്തണം. 150 ഓളം എംപിമാരെ സസ്‌പെന്റ് ചെയ്ത് സഭ ഏകപക്ഷീയമായി നടത്താൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ കറുത്ത ചരിത്രത്തിൽ എഴുതപ്പെടുമെന്നും ഖാർഗെ പറഞ്ഞു.
ഉപരാഷ്ട്രപതി കൂടിയായ ധൻഖറിനെതിരെ കല്യാൺ ബാനർജി നടത്തിയ അനുകരണത്തിനെതിരെ ബി.ജെ.പി കടുത്ത ഭാഷയിൽ രംഗത്തെത്തി. സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ബി.ജെ.പി ആക്രമിച്ചു. അതേസമയം, കല്യാൺ ബാനർജി തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു. മിമിക്രി ഒരു കലയാണെന്നും ഉപരാഷ്ട്രപതിയോട് താൻ അനാദരവ് കാണിക്കുന്നില്ല. ജഗ്ദീപ് ധൻഖറിനോട് തനിക്ക് നല്ല ബഹുമാനമുണ്ടെന്നും തൃണമൂൽ നേതാവ് പറഞ്ഞു.
കല്യാൺ ബാനർജിയുടെ മിമിക്രിയും ഇത് രാഹുൽ ഗാന്ധി ചിത്രീകരിച്ചതും കർഷകർക്കും ജാട്ട് സമുദായത്തിനും അപമാനമാണെന്ന് രാജ്യസഭയിൽ സംസാരിച്ച ഉപരാഷ്ട്രപതി ധൻഖർ പറഞ്ഞു. കേവലം ഒരു കർഷകന്റെയോ സമൂഹത്തിന്റെയോ അവഹേളനമല്ല, രാജ്യസഭാ ചെയർമാൻ സ്ഥാനത്തോടുള്ള അനാദരവാണ്. അതും ഇത്രയും കാലം രാജ്യം ഭരിച്ച ഒരു പാർട്ടിയുടേത്. ഞാൻ വളരെ വേദനിക്കുന്നു എന്നായിരുന്നു ധൻഖർ പറഞ്ഞത്. പ്രധാനമന്ത്രി മോഡി തന്നെ വിളിച്ച് സംഭവത്തിൽ വേദന പ്രകടിപ്പിച്ചതായി ധൻഖർ പറഞ്ഞു. 20 വർഷമായി താൻ ഇത്തരം അപമാനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞതായും ഉപരാഷ്ട്രപതി പറഞ്ഞു.