കയ്‌റോ-വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസിന്റെ ഖത്തർ ആസ്ഥാനമായുള്ള നേതാവ് ഇസ്മായിൽ ഹനിയ്യ കയ്‌റോയിലെത്തി. ഗാസയിൽ നടക്കുന്ന ഇസ്രായിൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ചും തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുമായുള്ള ചർച്ചകൾക്കുമായാണ് ഇസ്മായിൽ ഹനിയ കയ്‌റോയിൽ എത്തിയത്. ഗാസ മുനമ്പിലെ ഇസ്രായിൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. കയ്‌റോയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാ ഹിയാനുമായി ഇസ്മായിൽ ഹനിയ ദോഹയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി അബ്ബാസ് കമാൽ ഉൾപ്പെടെയുള്ളവരുമായി ഇസ്മായിൽ ഹനിയ ചർച്ച നടത്തും. ആക്രമണവും യുദ്ധവും നിർത്തലാക്കുന്നതിനും തടവുകാരെ വിട്ടയക്കുന്നതിനുമുള്ള കരാർ തയ്യാറാക്കുന്നതും ഗാസ മുനമ്പിൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും ഹനിയയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തും.
അതിനിടെ, കൂടുതൽ തടവുകാരെ മോചിപ്പിക്കുന്നതിനായി ഹമാസുമായി പുതിയ താൽക്കാലിക ഉടമ്പടി അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു. ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും യുദ്ധാനന്തര ഭാവിയെക്കുറിച്ച് ഹമാസിന്റെ നേതാക്കൾ ഹമാസിന്റെ മറുവിഭാഗമായ ഫത്താഹുമായി ചർച്ച നടത്തിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ സംബന്ധിച്ച്
മൊസാദും സി.ഐ.എയും ഖത്തർ പ്രധാനമന്ത്രിയുമായി തിങ്കളാഴ്ച വാഴ്‌സോയിൽ നടത്തിയ ചർച്ചകൾ ഗുണപ്രദമായിരുന്നുവെന്നും ഇത് ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നതായും അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിൽ ഇസ്രായിൽ സൈന്യം കിരാതമായ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോർട്ട്. ജബലിയയിൽ ഇസ്രായിൽ സൈന്യം ഇന്നലെ അൻപതോളം പേരെ കൊലപ്പെടുത്തി. വടക്കൻ ഗാസയിലെ ജബാലിയ മെഡിക്കൽ സെന്ററിൽ രാവിലെ മുതൽ നാൽപ്പത്തിയാറ് മൃതദേഹങ്ങളാ് കൊണ്ടുവന്നത്. പരിക്കേറ്റ 110 പേരെയും മെഡിക്കൽ സെന്ററിൽ എത്തിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ പറഞ്ഞു. ഇസ്രായിൽ സൈന്യം ബോംബെറിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഡസൻ കണക്കിന് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുനീർ അൽ ബുർഷ് കൂട്ടിച്ചേർത്തു. ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രായിൽ സൈന്യം ഇന്നലെ ആക്രമണം നടത്തിയത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെ ഒരു ഡസനിലധികം ആളുകൾ കൊല്ലപ്പെട്ടു.
ഇസ്രായിൽ വർഷങ്ങളായി വേട്ടയാടുന്ന ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്‌സിന്റെ തലവൻ മുഹമ്മദ് ഡീഫ് ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഒരു പ്രശ്‌നവുമില്ലെന്നും ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അേേദ്ദഹം വീൽ ചെയർ പോലും ഉപയോഗിക്കുന്നില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പിൽനിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് ഇക്കാര്യമുള്ളത്. ഇതേവരെ ഏഴ് വധശ്രമങ്ങളിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്.