മലപ്പുറം- മതമോ ജാതിയോ നോക്കാതെ കൂടെപ്പിറപ്പിനെ പോലെ കണ്ട ഹൈന്ദവ സഹോദരനായ രാജന്റെ ചിതയ്ക്ക് തീകൊളുത്തിയത് മുസ്ലിം സഹോദരങ്ങളായ അലി മോനും മുഹമ്മദ് റിഷാനും. പതിറ്റാണ്ടുകാലം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാജന്‍(62) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നരണിപ്പുഴ ഗ്രാമത്തില്‍ സ്‌നേഹത്തിന്റെ തിരികൊളുത്തിയപ്പോള്‍ നാടു മുഴുവന്‍ കൂടെ നിന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അലി മോന്റെ പിതാവും നന്നംമുക്ക് പഞ്ചായത്ത് അംഗം കൂടിയായിരുന്ന മുഹമ്മദിന്റെ അടുത്ത് ഒരു നേരത്തെ അന്നം ചോദിച്ചെത്തിയതായിരുന്നു രാജന്‍. അന്ന് ഒരു നേരത്തേ ഭക്ഷണം നല്‍കുക മാത്രമല്ല, കൂടപ്പിറപ്പായി ഒപ്പംകൂട്ടുകയായിരുന്നു ഈ കുടുംബം. കുടുംബത്തിലെ അംഗമായി വളര്‍ത്തിയ മുഹമ്മദ് മരിച്ചതോടെ മകന്‍ അലിമോന്‍ രാജന് തുണയായി. മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ട രാജന് ഏക അമ്മാവനും മരിച്ചതോടെ ജന്മനാടായ നെന്മാറയും അന്യമായി.
തിങ്കളാഴ്ച രാത്രിയാണ് രാജന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ചങ്ങരംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജന്‍ മരണപ്പെടുകയുമായിരുന്നു. പ്രിയ സഹോദരന് അദ്ദേഹത്തിന്റെ മതാചാരപ്രകാരം അന്ത്യയാത്ര ഒരുക്കണമെന്ന് അലിമോന്‍ തീരുമാനിക്കുകയായിരുന്നു.പൂര്‍ണ്ണമായും ഹൈന്ദവാചാര പ്രകാരം തന്നെ അലിമോന്‍ രാജന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. സഹായത്തിനായി നാട്ടിലെ ഹൈന്ദവ സഹോദരങ്ങളും കൂടെയുണ്ടായിരുന്നു.
അന്ത്യ കര്‍മ്മങ്ങള്‍ക്കായി വീടിന് മുന്നില്‍ വെള്ള വിരിച്ചു രാജനെ കിടത്തിയപ്പോള്‍ അലി മോന്‍ വിതുമ്പി. നാട്ടുകാരായ എ സുരേന്ദ്രന്‍, എം എസ്. കുഞ്ഞുണ്ണി എന്നിവരുടെ നേത്യത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. നിറകണ്ണുകളോടെയാണ് അലിമോന്‍ വീടിന് മുന്നിലെ കര്‍മങ്ങള്‍ കണ്ടു നിന്നത്.
സംസ്‌കാരത്തിന് കൊണ്ടുപോകും മുന്‍പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം കൂടിയായ അലിമോനും സഹോദരീപുത്രന്‍ മുഹമ്മദ് റിഷാനും അന്ത്യ ചുംബനം നല്‍കി. പൊന്നാനി കുറ്റിക്കാട് ശ്മശാനത്തില്‍ ഇവര്‍ ചിതക്ക് തീ കൊളുത്തി. ചിത എരിഞ്ഞടങ്ങുമ്പോള്‍ അലി മോനോടൊപ്പം ആ ഗ്രാമം മുഴുവന്‍ വിതുമ്പുകയായിരുന്നു.