ജിദ്ദ - നിയമാനുസൃത സമയത്തിനകം സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമാക്കാന്‍ സാധിക്കാത്തതിന് ഖമീസ് മുശൈത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഏജന്‍സിക്ക് വാണിജ്യ മന്ത്രാലയം 50,000 റിയാല്‍ പിഴ ചുമത്തി. വിരളമായി മാത്രം ആവശ്യമുള്ള സ്‌പെയര്‍പാര്‍ട്‌സ് വാഹന ഏജന്‍സികള്‍ പതിനാലു ദിവസത്തിനകം ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. കാര്‍ ഏജന്‍സികളില്‍ വാണിജ്യ മന്ത്രാലയം നടത്തിയ പതിവ് പരിശോധനകള്‍ക്കിടെ ഏജന്‍സികളില്‍ ഒന്നിന്റെ ഭാഗത്ത് നിയമ ലംഘനം കണ്ടെത്തുകയായിരുന്നു.
നിയമാനുസൃത സമയത്തിനകം സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമാക്കാത്ത ഏജന്‍സിക്കെതിരായ കേസ് കൊമേഴ്‌സ്യല്‍ ഏജന്‍സി നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് മന്ത്രാലയം പിന്നീട് കൈമാറി. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടും സാങ്കേതിക റിപ്പോര്‍ട്ടുകളും ഏജന്‍സിയുടെ വിശദീകരണവും പരിശോധിച്ച കമ്മിറ്റി ഏജന്‍സിക്ക് 50,000 റിയാല്‍ പിഴ ചുമത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രാലയം അറിയിച്ചു.