ന്യൂഡൽഹി - പാർല്ലമെന്റിലെ സുരക്ഷാവീഴ്ചയ്‌ക്കെതിരെ ശബ്ദിച്ച പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എം.പിമാരേയും സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ, രാജ്യത്തെ ക്രിമിനൽ നിയമം പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകൾ മോഡി സർക്കാർ ലോക്‌സഭയിൽ പാസാക്കി. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്‌സഭ കടന്നത്.
പ്രതിപക്ഷത്തെ 143 എം.പിമാർ സസ്‌പെൻഡ് ചെയ്യപ്പെട്ട് പുറത്തുനിൽക്കവേ ശബ്ദ വോട്ടോടെയാണ് അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലുകൾ ലോക്‌സഭ പാസാക്കിയത്. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), ഭാരതീയ സാക്ഷ്യ (ബി.എസ്) നിയമങ്ങൾ കേന്ദ്ര അഭ്യന്തരമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചത്. നീതി വേഗം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ലുകളെന്നും ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനോട് ചേർന്നുനിൽക്കുന്നതാണ് പുതിയ നിയമമെന്നും അമിത് ഷാ അവകാശപ്പെട്ടു.