Sorry, you need to enable JavaScript to visit this website.

കേരളത്തില്‍നിന്ന് വിമാനത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി; പ്രതികള്‍ പിടിയില്‍

കൊച്ചി-  അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പിടിയിലായി. അസം സ്വദേശികളായ രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കുട്ടികളേയും സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും ഗുവാഹത്തി വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.
വടക്കേക്കര മച്ചാംതുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അസംസ്വദേശികളായ ദമ്പതികളുടെ അഞ്ചിലും, മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് അകന്ന ബന്ധുവായ സാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. സ്‌കൂള്‍ ബസ് കയറാന്‍ കാത്തു നില്‍ക്കുകയായിരുന്നു കുട്ടികള്‍. കുടുംബപരമായും സാമ്പത്തികമായും ഉള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സംനാസിന്റെയും രഹാം അലിയുടെയും സഹായത്തോടെ സാഹിദ തട്ടിക്കൊണ്ടുപോയത്. ജഹദ് അലിയാണ് പണം മുടക്കി ഇവര്‍ക്ക് വിമാന ടിക്കറ്റെടുത്ത് എയര്‍പ്പോര്‍ട്ടിലെത്തിച്ചത്. വടക്കേക്കര പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാനും എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞുവെക്കാനും സാധിച്ചത്. സാഹിദയേയും കുട്ടികളെയും കൊണ്ടുവരുന്നതിന് പ്രത്യേക പോലീസ് ടീം അസമിലേക്ക് തിരിച്ചിട്ടുണ്ട്. ജഹദ് കോഴിക്കടയിലെ തൊഴിലാളിയും റഹാം വെല്‍ഡറുമാണ്. ഡിവൈ.എസ്.പി എ.പ്രസാദ്, ഇന്‍സ്‌പെക്ടര്‍ വി.സി.സൂരജ്, എസ് ഐമാരായ എം.എസ്.ഷെറി, വി.എം.റസാഖ്, എം.കെ.സുധി സീനിയര്‍ സി.പി.ഒമാരായ പ്രവീണ്‍ ദാസ്, ലിജോഫിലിപ്പ്, സി പി ഒമാരായ വി.എസ്.അപര്‍ണ്ണ, കെ.എം.ബിജില്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു

 

Latest News