ന്യൂദല്‍ഹി- കോവിഡ് വര്‍ധിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കിയത്.
മരുന്നുകള്‍, ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, വെന്റിലേറ്ററുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ മതിയായ സ്‌റ്റോക്ക് ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഒക്‌സിജന്‍ പ്ലാന്റുകള്‍, സിലിന്‍ഡറുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന തലങ്ങളില്‍ ഓരോ മൂന്ന് മാസത്തിലും മോക്ക് ഡ്രില്ലുകള്‍ നടത്തണം.
നിലവിലുള്ള സാഹചര്യം നേരിടാന്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.
രാജ്യത്ത് പടരുന്ന പുതിയ വകഭേദങ്ങള്‍ യഥാസമയം കണ്ടെത്തി ഉചിതമായ പൊതുജനാരോഗ്യ നടപടികള്‍ കൈക്കൊള്ളുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്വാസകോശ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വസ്തുതാപരമായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് ഉറപ്പുവരുത്താനും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തി കുറക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.
കൊവിഡ് കേസുകള്‍, പരിശോധനകള്‍, പോസിറ്റീവ് കണക്കുകള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലില്‍ യഥാസമയം പങ്കിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ചൈന, ബ്രസീല്‍, ജര്‍മ്മനി, അമേരിക്ക തുടങ്ങി രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി യോഗം വിലയിരുത്തി. കേന്ദ്ര ആരോഗ്യ സഹമന്ത്രിമാരായ എസ് പി സിംഗ് ബാഗേല്‍, ഭാരതി പ്രവീണ്‍ പവാര്‍, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോള്‍, സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ നേരിട്ടും ഓണ്‍ലൈനുമായി പങ്കെടുത്തു.