കൊച്ചി- ആരോപണങ്ങളെ കാറ്റില്‍ പറത്തി കോടതി നേര് വെളിപ്പെടുത്തിയെന്നും 'നേര്' നാളെ തിയേറ്ററുകളില്‍ എത്തുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍.
ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ നേര് എന്ന ചിത്രത്തിന്റെ റീലീസ് തടയണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ ദീപു കെ ഉണ്ണി നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. സംവിധായകന്‍ ജീത്തു ജോസഫും ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ സ്‌ക്രിപ്റ്റ് മോഷ്ടിച്ചാണ് നേര് എന്ന സിനിമ തയാറാക്കിയത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി മാരിയട്ട് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ താന്‍ ഒരു തിരക്കഥ ജീത്തു ജോസഫിനു നല്‍കിയെന്നും പിന്നീട് താന്‍ അറിയാതെ അത് സിനിമയാക്കി എന്നുമായിരുന്നു ഹരജിയിലെ പ്രധാന ആരോപണം. ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി ജീത്തു ജോസഫിനു എതിരെയും നേര് എന്ന സിനിമക്ക് എതിരെയും പലരും വാളെടുത്തു തുള്ളിയെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
'നേര് സിനിമയുടെ െ്രെടലെര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതെന്ന് ദീപു കെ ഉണ്ണി പറയുന്നത്. രണ്ടു മണിക്കൂറിലധികമുള്ള ഒരു സിനിമയുടെ വളരെ ചെറിയ അംശങ്ങള്‍ മാത്രമെടുത്താണ് രണ്ട് മിനിറ്റ് ഉള്ള ഒരു െ്രെടലെര്‍ സൃഷ്ടിക്കുന്നത്. ആ രണ്ടു മിനിറ്റില്‍ നിന്ന് ഒരു സിനിമയുടെ പൂര്‍ണമായ കഥാതന്തു മനസിലാക്കി എടുക്കണം എങ്കില്‍ അതീന്ദ്രിയ ജ്ഞാനം വേണം. ബാക്കിയുള്ളതെല്ലാം അതേ െ്രെടലെര്‍ കാണുന്നവന്റെ മനസിലുണ്ടാകുന്ന ഊഹങ്ങള്‍ മാത്രമാണ്. അത്തരം ഊഹാപോഹങ്ങള്‍ വച്ചു ഒരു സിനിമയുടെ കഥ മനസിലാക്കാനും അത് തന്റെ കഥയാണ് എന്ന് വിളിച്ചു പറയാനും ദീപു കെ ഉണ്ണിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് മനസ്സിലാകുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മുന്‍വിധികളോടെ മാത്രം നല്‍കിയ പരാതിയിന്മേല്‍ ഒരിടത്തും എഴുത്തുകാരന്‍ താന്‍ നേര് എന്ന ചിത്രം പൂര്‍ണമായി കണ്ടതായി പറഞ്ഞിട്ടുമില്ല. പക്ഷെ ചിന്തിച്ചു കൂട്ടിയ ആശങ്കങ്ങളുടെ പുറത്തേറി നേരിനെയും ജീത്തു ജോസഫിനെ പോലെയൊരു പ്രശസ്ത സംവിധായകനെയും താറടിച്ചു കാണിക്കാനുള്ള വ്യഗ്രത ഏറെ സംശയം ഉളവാക്കുന്നതാണ്.
മലയാള സിനിമയെ പറ്റിയും മേന്മയെ പറ്റിയും വാ തോരാതെ സംസാരിക്കുന്നവര്‍ ഇത്തരത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങളെ പിന്തുണക്കുന്നു എന്നത് വിരോധാഭാസമാണ്. പല വലിയ സിനിമകളുടെയും റീലീസിന് മുന്‍പ് ഇത്തരത്തിലുള്ള റീലീസ് സ്‌റ്റേ ഹര്‍ജി ഗിമ്മിക്കുകള്‍ നടന്നിട്ടുള്ളത് കൊണ്ട് ആരോപണങ്ങളുടെ ന്യായം തെളിയിക്കേണ്ടത് ഹരജിക്കാന്‍ തന്നെയാണ്. അല്ലാത്ത പക്ഷം അത് മനപൂര്‍വമായ വ്യക്തിഹത്യ എന്ന് വിലയിരുത്തേണ്ടി വരുമെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറയുന്നു.
രണ്ടു തിരക്കഥകളിലും ആകെ ഉള്ളൊരു സാമ്യം രണ്ടു കഥകളും കോര്‍ട്ട് റൂം ഡ്രാമ ആണെന്നുള്ളതാണ്. കോര്‍ട്ട് റൂം ഡ്രാമ എന്നത് ഏറിയ പങ്കും കോടതി പരിസരമായി വരുന്ന സിനിമകള്‍ക്ക് പറയുന്ന പേരാണ്. ഇത്തരത്തിലുള്ള ഒരുപാട് സിനിമകള്‍ ഇതിനു മുമ്പ് മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു പശ്ചാത്തലം ഉണ്ടെന്നു വച്ചു ഓരോ സിനിമയും വിഭിന്നങ്ങളായ പ്രമേയങ്ങള്‍ തന്നെയാണ് പറയുക. ആരോപണങ്ങളുടെ 'നേര് ' തിരിച്ചറിയാന്‍ ഒരു പകല്‍ ദൂരം മാത്രമേയുള്ളു. 'നേര് ' എന്ന സിനിമ നേര് പുറത്തു കൊണ്ടുവരട്ടെ. അത് വരെ കാത്തിരുന്നു കൂടെയെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.