തിരുവനന്തപുരം - യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പുരുഷ പോലീസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസുകാര്‍ വടികൊണ്ട് ആക്രമിച്ചു. പരിക്കുപറ്റിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞുവച്ചു. അതുകൊണ്ടാണ് ഇത്ര വലിയ സംഘര്‍ഷമുണ്ടായത്. പോലീസിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സമരത്തെ അടിച്ചമര്‍ത്താനാവില്ല. ഈ പ്രതിഷേധം കേരളം മുഴുവനുണ്ടാവും. എസ് എഫ് ഐയുടെ പെണ്‍കുട്ടികളെ 'മോളേ, കരയല്ലേ' എന്നുപറഞ്ഞ് പോലീസ് വിളിച്ചുകൊണ്ട് പോയി. ഞങ്ങളുടെ പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി. പോലീസിനെ അഴിഞ്ഞാടാന്‍ വിടുന്നതിന് പിണറായി വിജയന് മറുപടി പറയണം. സന്തോഷത്തോടെ ഭരിക്കാമെന്ന് കരുതണ്ട. ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും സതീശന് പറഞ്ഞു.