തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ സംഘപരിവാർ അനുകൂല പ്രസ്താവനയിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാര്യം തിരിച്ചറിഞ്ഞപ്പോൾ സുധാകരൻ പ്രസ്താവന തിരുത്തുകയും വ്യക്തത വരുത്തുകയും ചെയ്തതായി പ്രതിപക്ഷ നേതാവ് മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
'വിഷയം ഞാൻ കെ.പി.സി.സി പ്രസിഡന്റിനോട് സംസാരിച്ചിരുന്നു. പാർട്ടിയുടെ മുഖം നോക്കാതെ സെനറ്റിൽ നല്ലയാളുകളെ വയ്ക്കണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു പറഞ്ഞു. അതിലെ അപകടം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹത്തിനത് മനസ്സിലാവുകയും തിരുത്തുകയും ചെയ്തു. പ്രസ്താവനയിൽ അവ്യക്തതയും സംശയവും ഉണ്ടായപ്പോൾ മണിക്കൂറുകൾക്കകം അത് തിരുത്തി. ഇനി അതിന്റെ പേരിലൊരു വിവാദം വേണ്ട. സംഘപരിവാർ സർക്കാർ, എം.പി സ്ഥാനത്തുനിന്നു സസ്‌പെൻഡ് ചെയ്ത് നിർത്തിയിരിക്കുന്നവരിൽ ഒരാളാണു സുധാകരൻ. കേരളത്തിലെ ഒരു കോൺഗ്രസുകാരനും ഗവർണറുമായി ചേർന്നുള്ള ഒരു ഏർപ്പാടിനും പോകില്ലെന്നും സതീശൻ ഓർമിപ്പിച്ചു.
ഗവർണർ ചെയ്ത തെറ്റായ ഒരു കാര്യത്തിനും യു.ഡി.എഫ് കൂട്ടുനിൽക്കില്ല. ഗവർണറുടെ ഓഫീസിൽ അറിയപ്പെടുന്ന സംഘപരിവാർ നേതാവിനെ സ്റ്റാഫാക്കിയത് പിണറായി വിജയനാണ്. അന്ന് ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരായിരുന്നു. ഇരുകൂട്ടരും ചേർന്ന് നിയമവിരുദ്ധ പ്രവർത്തനം നടത്തുമ്പോൾ അവരെ ഒരുമിച്ച് നേരിട്ടവരാണ് പ്രതിപക്ഷമെന്നു മറക്കേണ്ട്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വഴിവിട്ടു പെരുമാറുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപിച്ചപ്പോൾ അന്ന് സംരക്ഷണത്തിന്റെ കുടപിടിച്ചത് മുഖ്യമന്ത്രി പിണറായിയായിരുന്നു. നവകേരള സദസിലൂടെയും പോലീസ്-പാർട്ടി ക്രിമനൽ നടപടികളിലൂടെയും സർക്കാർ പ്രതിരോധത്തിയപ്പോൾ ശ്രദ്ധ തിരിക്കാനുള്ള നാടകമാണ് കാലിക്കറ്റ് സർവകലാശാലയിൽ കണ്ടത്.
മുഖ്യമന്ത്രിയുടെ കലാപാഹ്വാനം പോലീസിലെ ക്രിമിനലുകളും സി.പി.എം ക്രിമിനലുകളും അറിയപ്പെടുന്ന ഗുണ്ടകളുമാണ് ഏറ്റെടുക്കുന്നത്. കാപ്പ ചുമത്താൻ ശിപാർശ ചെയ്യപ്പെട്ട ക്രിമിനലാണ് ആലപ്പുഴയിൽ മുഖ്യമന്ത്രിക്കു സംരക്ഷണം നൽകിയത്. ഭിന്നശേഷിക്കാരനെ പോലും ആകമിച്ചു. ഒന്നിലും കേസെടുക്കാതെ പോലീസ് കാഴ്ചക്കാരാകുന്നു. മുഖ്യമന്ത്രിയുടെ ഗൺമാനെ പുറത്താക്കണം. അടിച്ചാൽ തിരിച്ചടിക്കാനുള്ള കഴിവ് കോൺഗ്രസിനുണ്ട്. തെരുവിലേക്ക് പ്രശ്‌നം വലിച്ചിഴയ്ക്കരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും എന്നാൽ നിയമത്തിന് നേരെ സർക്കാർ പല്ലിളിച്ചാൽ നോക്കി നിൽക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.