Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപിക്കുന്നു, കേന്ദ്രം വിളിച്ച ഓണ്‍ലൈന്‍ യോഗം ഇന്ന്, കേരളത്തില്‍ 292 രോഗബാധയും മൂന്ന് മരണവും

ന്യൂദല്‍ഹി-രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച അടിയന്തരയോഗം ഇന്ന്. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവ വിലയിരുത്തുന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കും.
ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.  
രാജ്യത്ത് കൂടുതല്‍ കോവിഡ് രോഗികളുള്ള കേരളം കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ കേന്ദ്രത്തെ അറിയിക്കും.
സംസ്ഥാനത്ത് 292 പുതിയ കോവിഡ് കേസുകളും മൂന്ന് മരണവുമാണ് ഡിസംബര്‍ 19ന് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേരളം അറിയിക്കും. ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് നിര്‍ദേശം വന്നത്.  സംസ്ഥാനത്ത് ജില്ലാടിസ്ഥാനത്തില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിര്‍ദ്ദേശം.
ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയരക്ടറേറ്റ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പരിശോധനകള്‍ കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയര്‍ന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

 

Latest News