കൊച്ചി - ഇനിയും ഞാന്‍ എന്തിന് ജീവിക്കണം? ജീവിക്കാന്‍ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ ഫ്യൂച്വര്‍ ബ്ലാങ്ക് ആണ്. ഇനി ഒരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ല. -ഡോ. റുവൈസ് കാറും സ്വര്‍ണ്ണവും പണവും അടക്കം വലിയ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡോ.റുവൈസ് നല്‍കിയ ജാമ്യ ഹര്‍ജിക്ക് എതിരായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്. ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്ന് ഡോ റുവൈസിനെ കുറിച്ച് ഡോ ഷഹന പറയുന്നു. അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു.
ഷഹന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴി പോലീസ് തള്ളി. ഇരുവരും അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയ ചിത്രങ്ങളും പോലിസ് കോടതിയില്‍ നല്‍കി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളേജ് ക്യാമ്പസില്‍ വെച്ചാണ് റുവൈസ് ഷഹനയോട് പണം ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായും റുവൈസിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ഹൈക്കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഡോ. റുവൈസ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസിന്റെ ആരോപണം. പോലീസിനെ വിമര്‍ശിച്ചതിന്റെപ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. സ്ത്രീധനം ചോദിക്കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.