Sorry, you need to enable JavaScript to visit this website.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഡോണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി, വിധി കോളറാഡോ സംസ്ഥാനത്ത് മാത്രം ബാധകം

കോളറാഡോ ( യു എസ്) - 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് യു എസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രീം കോടതിയുടേതാണ് നടപടി. കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് അയോഗ്യത. കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ യു എസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ഡോണാള്‍ഡ് ട്രംപ്. അതേസമയം പ്രതിഭാഗത്തിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്റ്റേ ചെയ്യുകയും ചെയ്തു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകള്‍ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി അഞ്ച് ആണ്. 2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡന്‍ അധികാരത്തിലേറുന്നത് ചെറുക്കാന്‍ ക്യാപിറ്റോളില്‍ വലിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിളിറ്റി ആന്റ് എത്തിക്സിന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടര്‍മാരാണ് ട്രംപിനെതിരെ കേസ് നല്‍കിയത്. ക്യാപിറ്റോളില്‍ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ഡോണാള്‍ഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ബാലറ്റില്‍ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ 14-ാം അമന്‍ഡ്മെന്റിലെ 3-ാം വകുപ്പ് പ്രകാരം ഡോണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു.

Latest News