കൊല്‍ക്കത്ത- കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിജിത് ഗാംഗുലിയെ ബഹിഷ്‌കരിക്കുമെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു. ജസ്റ്റിസ് ഗാംഗുലി ഒരു അഭിഭാഷകനെതിരെ ശിക്ഷാ നടപടി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. തിങ്കളാഴ്ച ജസ്റ്റിസ് ഗാംഗുലിയുടെ ബെഞ്ചില്‍ സംസ്ഥാന മദ്രസ കമ്മിഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് വിവാദസംഭവം. കോടതിയില്‍ പൊട്ടിച്ചിരിച്ചതിന് അഭിഭാഷകന്‍ പ്രസേന്‍ജിത് മുഖര്‍ജിയെ ജസ്റ്റിസ് ശകാരിക്കുകയും കോടതിയലക്ഷ്യത്തിന് രണ്ടാഴ്ച സിവില്‍ ജയിലില്‍ തടവ് വിധിക്കുകയും ചെയ്തു. അഭിഭാഷക വസ്ത്രം അഴിച്ചുമാറ്റാന്‍ നിര്‍ദേശിച്ച ജഡ്ജി, ഷെരീഫിനെ വിളിച്ചുവരുത്തി അഭിഭാഷകനെ പോലീസിന് കൈമാറി. പിന്നീട് അഭിഭാഷകരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ജസ്റ്റിസ് ഗാംഗുലി വിധി ഇളവ് ചെയ്യുകയും മോചിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ സമീപിച്ചതിനെത്തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് ഗാംഗുലിയുടെ വിധി താത്കാലികമായി സ്റ്റേ ചെയ്തു.
എന്നാല്‍, അഭിഭാഷകനെ നിന്ദ്യമായി അപമാനിച്ചതിന് ജസ്റ്റിസ് ഗാംഗുലി മാപ്പ് പറയണമെന്നും അതുവരെ അദ്ദേഹത്തിന്റെ ബെഞ്ചിലെ കേസുകളുമായി അഭിഭാഷകര്‍ സഹകരിക്കില്ലെന്നും ബാര്‍ അസോസിയഷന്‍ സെക്രട്ടറി ബിശ്വജിത് ബസു മല്ലിക് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ജസ്റ്റിസ് ഗാംഗുലി കോടതിനടപടികള്‍ക്ക് എത്തിയില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട കേസുകള്‍ മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലാണ് വാദം കേട്ടത്. നേരത്തെ സുപ്രീംകോടതിയുടെ രൂക്ഷപരാമര്‍ശം നേരിടേണ്ടി വന്നയാളാണ് ജസ്റ്റിസ് ഗാംഗുലി. താന്‍ വാദം കേള്‍ക്കുന്ന കേസിനെക്കുറിച്ച് ടി.വി. ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിന്റെ പേരിലായിരുന്നു അത്.