ന്യൂദല്‍ഹി- സര്‍വകലാശാല സെനറ്റ് അംഗങ്ങളായി സംഘ്പരിവാര്‍ അനുകൂലികളെ ഗവര്‍ണര്‍ നിയമിച്ച നടപടിയെ അനുകൂലിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. യോഗ്യതയുള്ള സംഘ്പരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. സംഘ്പരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. അക്കാദമിക് വിദഗ്ധരുടെ യോഗ്യത മാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ എന്തിന് വിമര്‍ശിക്കണമെന്നും സുധാകരന്‍ ചോദിച്ചു. ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണ്. അതിനായി കെ.പി.സി.സി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം, പ്രസ്താവന വിവാദമായതോടെ സംഘ്പരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ സമരം ചെയ്ത് സസ്‌പെന്‍ഷന്‍ ലഭിച്ച ദിവസം തന്നെ സംഘ്പരിവാര്‍ ചാപ്പ കുത്താനുള്ള ശ്രമത്തെ പുച്ഛത്തോടെ തള്ളുന്നു. സെനറ്റിലേക്ക് യോഗ്യത ഇല്ലാത്തവരെ നോമിനേറ്റ് ചെയ്താല്‍ എതിര്‍ക്കും എന്നാണ് പറഞ്ഞതെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നേരത്തെ ഗവര്‍ണറുടെ വിഷയത്തിലുള്ള പ്രതികരണം വലിയരീതിയില്‍ വിമശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സുധാകരന്‍ രംഗത്തെത്തിയത്