എതിര്‍ ലിംഗക്കാരുമായി ഹസ്തദാനത്തിനു വിസമ്മതിച്ച മുസ്ലിം ദമ്പതികളുട പൗരത്വാപേക്ഷ സ്വിറ്റ്‌സര്‍ലാന്‍ഡ് അധികൃതര്‍ തള്ളി. ലിംഗ സമത്വം മാനിക്കാന്‍ തയാറാകാത്തതിനാലാണ് സ്വിസ് പൗരത്വം നേടാനുള്ള ഇവരുടെ ശ്രമം തള്ളിയതെന്ന് ലൗസാന്‍ മേയര്‍ ഗ്രിഗ്രോറി ജുനോഡ് പറഞ്ഞു.
പൗരത്വം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയോ എന്നറിയാന്‍ ദമ്പതികളുമായി മുനിസിപ്പല്‍ കമ്മീഷന്‍ ഏതാനും മാസം മുമ്പ് അഭിമുഖം നടത്തിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ തള്ളുന്നുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.
ദമ്പതികള്‍ ഏതു രാജ്യക്കാരാണെന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലൗസാന്‍ മേയര്‍ വെളിപ്പെടുത്തിയില്ല. ഇവര്‍ എതിര്‍ ലിംഗക്കാരുമായി ഹസ്തദാനം ചെയ്യില്ല എന്നു മാത്രമാണ് വ്യക്തമാക്കിയത്. എതിര്‍ ലിംഗക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇവര്‍ക്കും കഴിഞ്ഞില്ലെന്നും മേയര്‍ പറഞ്ഞു.
അടുത്ത ബന്ധുക്കളല്ലാത്ത എതിര്‍ലിംഗക്കാരുമായി ശാരീരിക സ്പര്‍ശം പാടില്ലെന്നും ഹസ്തദാനം പാടില്ലെന്നും വിശ്വസിക്കുകയും കണിശമായി പാലിക്കുകയും ചെയ്യുന്ന മുസ്ലിംകളുണ്ട്.
ദമ്പതികള്‍ക്ക് പൗരത്വം നിഷേധിച്ച നടപടിയില്‍ ഇവരുമായി അഭിമുഖം നടത്തിയിരുന്ന മൂന്നംഗ കമ്മീഷനിലുണ്ടായിരുന്ന വൈസ് മേയര്‍ പിയര്‍ അന്റോണിയോ ഹൈല്‍ഡ്ബ്രാന്‍ഡ് സംതൃപ്തി പ്രകടിപ്പിച്ചു.