- പ്രധാനമന്ത്രി കസേരയിലേക്കുള്ള ചൂണ്ടയെറിഞ്ഞ് മമതയും കെജ്രിവാളും
- തെരഞ്ഞെടുപ്പ് വിജയമാണ് മുഖ്യം, ബാക്കി പിന്നീടെന്ന് ഖാർഗെ
ന്യൂഡൽഹി - പാർല്ലമെന്റിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയതിന് പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്‌പെൻഡ് ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ഇന്ത്യാ മുന്നണി യോഗതീരുമാനം. വെള്ളിയാഴ്ചയായിരിക്കും രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക.
പാർല്ലമെന്റ് സുരക്ഷാ വീഴ്ചയിലും എം.പിമാരെ പുറത്താക്കിയതിനും എതിരേ വെള്ളിയാഴ്ച ജനാധിപത്യ സംരക്ഷണദിനം ആചരിക്കും. സർക്കാറിനെതിരെ ശബ്ദിക്കുന്ന എം.പിമാരെ നിശബ്ദമാക്കാനുള്ള നടപടിയുടെ തുടക്കമാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം.പിക്കു നേരെയുണ്ടായത്. ഏറ്റവും ഒടുവിൽ പാർല്ലമെന്റിന് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്തതിനെ ചോദ്യംചെയ്തവരെ കൂട്ടമായി സഭയിൽനിന്ന് പുറത്താക്കുന്ന അത്യന്തം ജനാധിപത്യവിരുദ്ധ നടപടിയാണുണ്ടായത്. സ്പീക്കറുടെ ധിക്കാരപരമായ തീരുമാനത്തെ ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗം ശക്തമായി അപലപിച്ചു.
ജനാധിപത്യത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടാനും ലോകസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന നടപടികൾ വേഗത്തിലാക്കാനും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനിച്ചു. പാർല്ലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ അഭ്യന്തര മന്ത്രി അമിത് ഷായോ പാർലമെന്റിൽ വിശദീകരിക്കണമെന്ന് യോഗശേഷം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
ബി.ജെ.പി അജണ്ട ജനാധിപത്യത്തെ അവസാനിപ്പിക്കലാണ്. അതിന് അനുവദിക്കുന്ന പ്രശ്‌നമില്ല. തെരഞ്ഞെടുപ്പ് വിജയമാണ് ഇന്ത്യാ മുന്നണി മുഖ്യമായും കാണുന്നത്. അതിനാൽ ശ്രദ്ധ പൂർണമായും തെരഞ്ഞെടുപ്പ് നേരിടുന്നതിലാണ്. പ്രധാനമന്ത്രി ആരാണെന്നതിൽ തീരുമാനം പിന്നീടെടുക്കും. ബി.ജെ.പി ശക്തമായ സ്ഥലത്ത് അവവരെ തോൽപ്പിക്കാൻ ഇന്ത്യ മുന്നണി പരമാവധി യോജിച്ച തീരുമാനത്തിലെത്തുമെന്നും ഖാർഗെ വ്യക്തമാക്കി.
അതിനിടെ, മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന നിർദേശം തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി യോഗത്തിൽ മുന്നോട്ട് വച്ചു. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ഈ നിർദേശത്തെ പിന്തുണച്ചു. മറ്റു നേതാക്കളാരും ഈ അഭിപ്രായത്തെ എതിർത്തില്ലെന്ന് എം.ഡി.എം.കെ അധ്യക്ഷൻ വൈക്കോ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ, ഇക്കാര്യം നിരസിച്ച ഖാർഗെ, ആദ്യം മികച്ച മാർജിനിൽ തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള പണി എടുക്കാമെന്നും ശേഷം ജനാധിപത്യപരമായ രീതിയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെന്നുമുള്ള അഭിപ്രായമാണ് യോഗത്തെ അറിയിച്ചതെന്നാണ് വിവരം. എം.പിമാർ ഇല്ലാതെ നാം പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. നമ്മൾ ഒറ്റക്കെട്ടായി പൊരുതി മികച്ച വിജയം കൊണ്ടുവരണം. അതിനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്. പക്ഷേ, നമ്മുടെ വീഴ്ചകൾ തിരിച്ചറിഞ്ഞ് സർക്കാറിന്റെ ഏത് ഗൂഢനീക്കങ്ങളെയും കൂട്ടായി ചെറുക്കാൻ നമുക്കാവണം. അങ്ങനെ വന്നാൽ വിജയം സുനശ്ചിതമാണെന്നും ഖാർഗെ വ്യക്തമാക്കി. കോൺഗ്രസിന്റെ സീറ്റ് വിഭജന ചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ എ.ഐ.സി.സി ജനറൽസെക്രട്ടറി മുകുൾ വാസ്‌നികിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയ കാര്യവും യോഗത്തെ അറിയിച്ചു.
കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌കുമാർ, ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ ശരത് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ, യു.പി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാക്കളായ ഡി രാജ, ബിനോയ് വിശ്വം, മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ തുടങ്ങി 28 പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.