തലശ്ശേരി- നഗര മധ്യത്തിലെ സുപ്രധാന കച്ചവട തെരുവായ ഒ.വി. റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ നാളെ മുതൽ ഒരു മാസക്കാലം ഷോപ്പിംഗ് മാമാങ്കം. ഈ ദിവസങ്ങളിൽ ഇവിടത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും എല്ലാ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാവുമെന്ന് വ്യാപാരികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിലക്കുറവിനൊപ്പം ഓരോ പർച്ചേഴ്‌സിനും കൂപ്പണുകൾ നൽകി നറുക്കെടുപ്പിലൂടെ സ്വർണ നാണയം, മൊബൈൽ ഫോൺ, ടി.വി. തുടങ്ങി ആകർഷകമായ സമ്മാനങ്ങളും നൽകും. പൊതുവിൽ അനുഭവപ്പെടുന്ന വ്യാപാര മാന്ദ്യം മാറ്റാനും ഒ.വി. റോഡിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് കൂടുതൽ ഇടപാടുകാരെ ആകർഷിക്കാനുമാണ് ഷോപ്പിംഗ് മാമാങ്കം സംഘടിപ്പിക്കുന്നതെന്ന് ഒ.വി. റോഡ് കച്ചവട കൂട്ടായ്മയുടെ പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇവിടത്തെ ചെറുതും വലുതുമായ 120 കച്ചവടക്കാരും ഒത്തൊരു മിച്ചാണ് ഷോപ്പിംഗ് മാമാങ്കം ഒരുക്കുന്നത്. വിവിധ വ്യാപാരി സംഘടനകളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ജനുവരി 20 വരെ തുടരുന്ന ഷോപ്പിംഗ് മാമാങ്കത്തിൽ വ്യാപാരികളുടെ സാമൂഹ്യ പ്രതിബദ്ധത എന്ന നിലക്ക് സൗജന്യ കണ്ണ് പരിശോധന, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പുകളും കലാകായിക മത്സരങ്ങളും സംഘടിപ്പിക്കും. ജനവരി 21 നാണ് കൂപ്പൺ നറുക്കെടുപ്പ് നടത്തുന്നത്. ഷോപ്പിംഗ് ആഘോഷനാളുകളിൽ ഒ.വി. റോഡിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അലങ്കരിക്കും. ഷോപ്പിംഗിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സമീപമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലഞ്ഞ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പി.പി. നാസർ, ഒ.പി. മുനീർ, എ.കെ. ഷുഹൈബ്, പി. ഷബീർ, കെ.പി. സാദിഖ്, ടി.പി. റഫീഖ്, സി.കെ. നിസാർ, എം. ഫസീഹ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.