ഭോപ്പാല്‍- മധ്യപ്രദേശ് നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം മാറ്റി അംബേദ്ക്കറുടെ ചിത്രം സ്ഥാപിച്ചത് വിവാദമായി. സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമായിരുന്നു ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും ചി്ത്രമുണ്ടായിരുന്നത്. ഇവിടെയാണ് നെഹ്‌റുവിനെ മാറ്റി ബി. ആര്‍. അംബേദ്കറുടെ ചിത്രം സ്ഥാപിച്ചത്.
ചിത്രം മാറ്റിയതോടെ വലിയ പ്രതിഷേധങ്ങള്‍ക്ക് നിയമസഭാ മന്ദിരം സാക്ഷ്യം വഹിച്ചു. സര്‍ക്കാര്‍ നടപടിയെ കോണ്‍ഗ്രസ് എം. എല്‍. എമാര്‍ ശക്തമായി എതിര്‍ക്കുകയും നെഹ്‌റുവിന്റെ ചിത്രം പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നെഹ്‌റുവിന്റെ ചിത്രം മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ തങ്ങളത് ചെയ്യുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നല്‍കി.
പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത പ്രോ ടേം സ്പീക്കര്‍ ഗോപാല്‍ ഭാര്‍ഗവ, കോണ്‍ഗ്രസ് നേതാവ് ഉമങ് സിങ്ഹര്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ നരേന്ദ്രസിങ് തോമറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് ബി. ജെ. പി നാമനിര്‍ദേശം ചെയ്തു.