ന്യൂദല്‍ഹി- രാമജന്മഭൂമി ട്രസ്റ്റിനും ബി. ജെ. പിക്കും വിവാദത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് എല്‍. കെ. അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും ക്ഷണിക്കേണ്ടി വന്നു. വിശ്വഹിന്ദു പരിഷത്താണ് ഇരുവരേയും ഔദ്യോഗികമായി പരിപാടിയിലേക്ക് ക്ഷണിച്ചത്.
ബി. ജെ. പിയേയും രാമജന്മഭൂമി ട്രസ്റ്റിനേയും ഇത്രയും വലുതാകാന്‍ സഹായിച്ച മുന്‍ ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയേയും മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷിയേയും ഉള്‍പ്പെടെ പഴയകാല നേതാക്കളെയെല്ലാം അരികുവത്ക്കരിച്ച പുതിയ നേതൃത്വത്തിന് കിട്ടിയ തിരിച്ചടിയാണ് അദ്വാനിയേയും ജോഷിയേയും ക്ഷണിക്കേണ്ടി വന്ന സംഭവം. രണ്ടുപേരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതിന് പകരം പ്രായാധിക്യമായതിനാല്‍ ഇരു നേതാക്കളോടും പങ്കെടുക്കരുതെന്നായിരുന്നു രാമജന്മഭൂമി ട്രസ്റ്റ് ആവശ്യപ്പെട്ടത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ക്ഷണമില്ലാതിരുന്ന ഇരുവരും വി. എച്ച്. പിയുടെ ക്ഷണം കിട്ടിയതോടെ പരമാവധി പങ്കെടുക്കാന്‍ ശ്രമിക്കാമെന്ന മറുപടിയാണ് നല്‍കിയത്.
രാമക്ഷേത്ര നിര്‍മാണത്തിന് ഇന്ത്യയില്‍ രഥയാത്ര നടത്തുകയും ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത ഇരുനേതാക്കളേയും ഏറ്റവുംപ്രധാന ഘട്ടത്തില്‍ തഴഞ്ഞതോടെ പഴയകാല നേതൃത്വത്തോട് യാതൊരു മമതയും കാണിക്കാത്തവരാണ് പുതിയ നേതൃത്വമെന്ന പേരുദോഷം കൂടുതല്‍ അരക്കെട്ടുറപ്പിക്കുകയായിരുന്നു.