ന്യൂദൽഹി- ലോക്‌സഭയിൽ 95 എം.പിമാരെ സസ്‌പെന്റ് ചെയ്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ലോക്‌സഭ ചർച്ചക്കെടുത്തു. പാർലമെന്റിലെ പ്രതിപക്ഷത്തിന്റെ അംഗബലം മൂന്നിലൊന്നായി കുറച്ച ശേഷമാണ് വിവാദ ബില്ലുമായി സർക്കാർ രംഗത്തെത്തിയത്.
1898ലെ ക്രിമിനൽ നടപടി ചട്ടം, 1860ലെ ഇന്ത്യൻ ശിക്ഷാ നിയമം, 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധീനിയം ബില്ലുകൾ എന്നിവയാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ഈ ബില്ലുകൾ ഓഗസ്റ്റിലാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. വിവാദമായതോടെ ബില്ലുകൾ പിന്നീട് പിൻവലിച്ചിരുന്നു. ബില്ലുകളുടെ പരിഷ്‌കരിച്ച പതിപ്പുകൾ കഴിഞ്ഞ ആഴ്ച ലോവർ ഹൗസിൽ അവതരിപ്പിച്ചു. ഭാരതീയ ന്യായ (രണ്ടാം) സൻഹിത- 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത, 2023, ഭാരതീയ സാക്ഷ്യ (രണ്ടാം) ബിൽ, 2023 എന്നിങ്ങനെ പേരുള്ള പുതിയ ബില്ലുകളാണ് ഇന്ന്(ചൊവ്വ) ഉച്ചയോടെ പരിഗണനയ്ക്ക് എടുത്തത്.
ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 141 എം.പിമാരെയാണ് ഇതേവരെ സസ്‌പെന്റ് ചെയ്തത്. രാജ്യത്ത് സ്വേച്ഛാധിപത്യം പരമോന്നതി പ്രാപിച്ചതായി പ്രതിപക്ഷം ആരോപിച്ചു.