Sorry, you need to enable JavaScript to visit this website.

'രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് വിലയിരുത്തണം;' -പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് വിലയിരുത്തണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെയുള്ളത് ബി.ജെ.പിയുടെ പ്രചാരണമെന്നും ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. 
 രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഇന്ത്യ മുന്നണിയുടെ സമുന്നത നേതാവ് ഇന്ത്യ മുന്നണിയുടെ കൂടെയുള്ള പാർട്ടികൾക്കെതിരെ കേരളത്തിൽ പോരടിക്കുന്നത് ദേശീയ തലത്തിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഇടതു പാർട്ടികൾ അടക്കമുള്ളവയും ചൂണ്ടിക്കാട്ടുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
  സർക്കാർ-ഗവർണർ പോര് പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നാടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് കൂട്ടരും നടത്തുന്ന നാടകം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഗവർണർ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഗവർണറുടെ അമിത അധികാരത്തിൽ സർക്കാരിനെ നിയമസഭയിൽ യു.ഡി.എഫ് പിന്തുണക്കുകയുണ്ടായി. എന്നാൽ, ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നതായും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 
 നവകേരള യാത്രതന്നെ വേണ്ടിയിരുന്നോ എന്ന് ജനങ്ങളിൽ കൂടുതൽ കൂടുതൽ സംശയം ജനിപ്പിക്കുംവിധമാണ് കാര്യങ്ങൾ. പ്രതിഷേധങ്ങളോടുള്ള സർക്കാറിന്റെ സമീപനം എത്രമാത്രം ജനാധിപത്യവിരുദ്ധമാണെന്ന് കൂടുതൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഓരോ ദിവസങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News