ന്യൂദല്‍ഹി -പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് അതിക്രമം നടന്ന സംഭവത്തില്‍ ആഭ്യന്തരമന്ത്രി മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തില്‍ ഇന്ന് 50 എം പിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. 92 എം പിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ മറ്റുളള പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്ന് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഏകാധിപത്യം അനുവദിക്കില്ലെന്ന പോസ്റ്ററുകളുമായെത്തിയാണ് ലോകസഭയില്‍ എം പിമാര്‍ ഇന്ന് പ്രതിഷേധിച്ചത.് സഭയില്‍ മറുപടി പറയാന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അമിത് ഷായ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭാ നടപടികളോട് പ്രതിപക്ഷം സഹകരികരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളത്തെ തുടര്‍ന്ന് ലോകസഭ 12 മണി വരെ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുല്‍ സമദ് സമദാനി എന്നിവരെ അടക്കം 50 എം പിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ എം പിമാരെ കൂട്ടമായി സസ്‌പെന്റ് ചെയ്ത ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിക്കുകയാണ്.