ന്യൂദല്‍ഹി - കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രസ്താവനയിലെ മൂര്‍ച്ച ആക്ഷനില്‍ കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മൂര്‍ച്ചയേറിയ പ്രസ്താവന നടത്തുന്നുണ്ട്. എന്നാല്‍ ഇതിലെ മൂര്‍ച്ച ആക്ഷനില്‍ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യും. ജീവന്‍രക്ഷാ പ്രവര്‍ത്തനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടത്തണമെന്നും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ അതിന് ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും എതിരാണ്. ഗവര്‍ണര്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ അജണ്ട നടപ്പാക്കാനാണ്, അതില്‍ സ്വയം വഷളാകുന്നു. സര്‍ക്കാര്‍ എന്തിന് ഗവര്‍ണറുടെ പിന്നാലെ പോകുന്നു. ആരുണ്ട് എന്നെ തടയാന്‍ എന്ന മട്ടിലാണ് ഗവര്‍ണര്‍ മിഠായി തെരുവിലൂടെ നടന്നത്. അദ്ദേഹത്തിന്റെ നടപടിയോട് ഒരു ശതമാനം പോലും യോജിക്കുന്നില്ല. ഒരു ജില്ലയെ അധിക്ഷേപിക്കുന്നത് ശരിയല്ല. പിണറായി വിജയനോട് വിരോധമുണ്ടെന്ന് കരുതി കണ്ണൂര് മുഴുവന്‍ മോശക്കാരാണെന്ന് അര്‍ത്ഥമുണ്ടോ?, ഈനാംപേച്ചിയാണോ മരപ്പട്ടി ആണോ നല്ലതെന്ന് ചോദിക്കുന്നത് പോലെയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ പ്രതിപക്ഷത്തിന്റെ നിലപാട് എന്തെന്ന ചോദ്യമെന്നും അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത പേരുകളില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടെന്ന ആരോപണം തെറ്റാണ്. കോണ്‍ഗ്രസ് ആരെയും സെനറ്റിലേക്ക് നിര്‍ദേശിച്ചിട്ടില്ല. സേവ് യൂണിവേഴ്‌സിറ്റി ഫോറം കൊടുത്ത പേരുകളില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടായേക്കാം. സംഘികളുടെ പേരുകള്‍ ആര് കൊടുത്തു എന്നതിന് ഗവര്‍ണര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.