കൊല്‍ക്കത്ത -പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ക്ഷണം തള്ളി സി പി എം. തൃണമൂല്‍ കോണ്‍ഗ്രസുമായി യാതൊരു വിധ സഖ്യത്തിനുമില്ലെന്ന് സി പി എം വ്യ്ക്തമാക്കി. ആര്‍ എസ് എസുമായി ചേര്‍ന്ന് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടും ബി ജെ പിയോടും ഒരുപോലെ പോരാടുമെന്നും മുഹമ്മദ് സലീം കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളില്‍ സി പി എമ്മും കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് മമത ബാനര്‍ജി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സി പി എം രംഗത്തെത്തിയിരിക്കുന്നത്. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയെ നേരിടാന്‍ വിശാല പ്രതിപക്ഷ താത്പര്യം മുന്‍നിര്‍ത്തി രൂപം നല്‍കിയ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് സി പി എമ്മും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും.