കൊച്ചി- പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ പോലീസ് മുമ്പാകെ ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. എറണാകുളം പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലാണ് അഭിഭാഷകനോടൊപ്പം ഷാജൻ സ്‌കറിയ ഹാജരായത്.
പോലീസിന്റെ വയർലസ് സന്ദേശം ചോർത്തുകയും തന്റെ യുട്യൂബ് ചാനലിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ഷാജൻ സ്‌കറിയക്കെതിരായ കേസ്. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഫിർദൗസ് ആണ് കോടതിയെ സമീപിച്ചത്. ഔദ്യോഗിക രഹസ്യങ്ങൾ ഗൂഗിളിൻറെ കീഴിലുള്ള യൂട്യൂബ് വഴി പ്രചരിപ്പിക്കുന്നത് സൈബർ തീവ്രവാദത്തിന്റെ പരിധിയിൽവരുമെന്നും അതിനാൽ കുറ്റക്കാർക്കെതിരെ കേസെടുക്കാൻ നിർദേശിക്കണമെന്നും പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഗിൾ കമ്പനി ഒന്നാം പ്രതിയായ കേസിൽ 9 - ാം പ്രതിയാണ് ഷാജൻ സ്‌കറിയ. പോലീസ് മുമ്പാകെ ഹാജരായി അന്വേഷണവുമായി സഹകരിക്കണമെന്ന് ഉത്തരവിട്ട എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷാജന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.