കൊളറാഡോ- പുതിയ വര്‍ഷത്തില്‍ ചന്ദ്രനില്‍ 'ഗതാഗത നിയന്ത്രണ'ത്തിന് ട്രാഫിക്ക് സിഗ്നലുകള്‍ സ്ഥാപിക്കേണ്ടി വരുമോ? വേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ട് ദൗത്യങ്ങളെങ്കിലും ചന്ദ്രനെ തേടി പുറപ്പെടുന്നുണ്ട്.
പുതിയ വര്‍ഷത്തിന്റെ തുടക്കം തന്നെ ഒന്നിലധികം ചാന്ദ്ര ദൗത്യത്തോടെയായിരിക്കും. മൂന്ന് ദൗത്യങ്ങളാണ് ജനുവരിയില്‍ പൂര്‍ത്തിയാകുക.
റഷ്യ, യു. എസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ജപ്പാനാണ് ചന്ദ്രനില്‍ പേടകം ഇറക്കുന്നത്. സ്ലിം എന്നു പേരിട്ടിരിക്കുന്ന ജാപ്പനീസ് ദൗത്യം ജനുവരി 19നാണ് ആരംഭിക്കുക. ജപ്പാനു പിറകേ ഇന്റ്യൂറ്റീവ് മെഷീന്‍സ്, ആസ്‌ട്രോബോട്ടിക് എന്നീ രണ്ടു കമ്പനികള്‍ ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ കമേഴ്‌സ്യല്‍ ലാന്‍ഡിങ് സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. നാസയുടെ കമേഴ്‌സ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസ് വഴിയാണ് ഈ ശ്രമം.
ബഹിരാകാശ യാത്രയുടെ ചെലവ് വലിയ തോതില്‍ കുറഞ്ഞതോടെയാണ് ചന്ദ്രനിലേക്കുള്ള ദൗത്യങ്ങള്‍ വര്‍ധിച്ചത്. ചാന്ദ്ര ദൗത്യത്തിന് 100 ദശലക്ഷം യു. എസ് ഡോളറാണ് ചെലവ്.
2024ലെ ഭൂരിഭാഗം ചാന്ദ്ര ദൗത്യങ്ങളുടെയും പ്രധാന ലക്ഷ്യം ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളാണ്.
മെയ് മാസം ചൈനയുടെ ചാങ് ഇ 6 ദൗത്യം പുറപ്പെടും. ചന്ദ്രോപരിതലത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനാണ് ചൈനീസ് ശ്രമം. ചാങ് 5 ലൂടെ ചൈന വിജയകരമായി സാംപിള്‍ ശേഖരിച്ചിരുന്നു. ചന്ദ്രനിലെ ഏതു ഭാഗത്തു നിന്നും സാംപിള്‍ ശേഖരിക്കുവാന്‍ സാധിക്കുമെന്നുറപ്പാക്കാനാണ് ചാങ് ഇ 6ലൂടെ ചൈന ശ്രമിക്കുന്നത്. ഇതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 2030ല്‍ യാത്രികരുമായി ചന്ദ്രനിലേക്ക് യാത്ര നടത്താനാണ് ചൈന ലക്ഷ്യമിടുന്നത്.
നവംബറില്‍ യു. എസ് ആര്‍ട്ടെമിസ് 2 ദൗത്യത്തിനും ഒരുങ്ങുകയാണ്. മനുഷ്യരുമായി ചന്ദ്രനിലേക്ക് യാത്ര തിരിക്കുവാനാണ് യു. എസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു കനേഡിയന്‍ ഉള്‍പ്പെടെ നാലു പേരാണ് യാത്രക്കാരുടെ കൂട്ടത്തിലുള്ളത്.
നാസയുടെ വൈപ്പര്‍ റോവര്‍ ആണ് മറ്റൊരു പ്രധാനപ്പെട്ട ദൗത്യം. ചന്ദ്രന്റെ ദക്ഷിണോപരിതലത്തിലേക്കാണ് റോവര്‍ യാത്ര തിരിക്കുക. ജലം ഉള്‍പ്പെടെ തെരയുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.