ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം ജനുവരി ആദ്യവാരത്തില്‍ തുടങ്ങിയേക്കും. അരുണാചല്‍ പ്രദേശില്‍നിന്ന് തുടങ്ങി ഗുജറാത്തിലാകും സമാപനം. ആദ്യഘട്ട യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ടം. രണ്ടുമാസം നീളുന്ന യാത്രയാണിത്.
കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിന് യാത്ര ഗുണം ചെയ്തുവെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. അതുകൊണ്ട് തന്നെയാണ് യാത്ര പുനരാരംഭിക്കാനുള്ള തീരുമാനം. പാര്‍ട്ടി അണികളെ ഉണര്‍ത്താനും യാത്ര സഹായിക്കും. ഉത്തരേന്ത്യയിലെ ശൈത്യകാലം അടക്കം കണക്കിലെടുത്താകും സമയക്രമങ്ങള്‍ തീരുമാനിക്കുക.
2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ആദ്യഘട്ട യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കഴിഞ്ഞ ജനുവരി 30ന് ശ്രീനഗറിലാണ് സമാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മോഡി സര്‍ക്കാരിനെതിരെ വ്യാപക പ്രചാരണം നടത്താനും അവ സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കാനുമാണ് രണ്ടാംഘട്ടത്തിലൂടെ കോണ്‍ഗ്രസ് ഉന്നമിടുന്നത്.