ന്യൂഡല്‍ഹി- ഗ്യാന്‍വാപി പള്ളിയില്‍ നടത്തിയ സര്‍വേയുടെ സീല്‍വെച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആര്‍ക്കിയോളജി സര്‍വേ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അമിത് ശ്രീവാസതവയാണ് വരാണസി ജില്ലാ കോടതി ജഡ്ജി മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഏകദേശം നൂറു ദിവസമെടുത്താണ് പള്ളിയിലെ സര്‍വേ പൂര്‍ത്തിയാക്കിയത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി സ്ഥാപിച്ചിരിക്കുന്നതെന്നും സമ്പൂര്‍ണ സര്‍വേ നടത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കേടുപാടുകളുണ്ടാകുമെന്നും സര്‍വേ നടത്തരുതെന്നും മുസ്‌ലിം വിഭാഗം ആവശ്യപ്പെടെങ്കിലും അത് മറികടന്നാണ് കോടതി അനുമതി നല്‍കിയത്.
കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കെയാണു സര്‍വേ നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്.